palakkad local

മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗത പരിഷ്‌കരണം അട്ടിമറിക്കുന്നു

മണ്ണാര്‍ക്കാട്: ഓട്ടോ തൊഴിലാളി യൂനിയനുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതപരിഷ്‌ക്കരണം അട്ടിമറിക്കുന്നു.നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പെര്‍മിറ്റില്ലാത്ത ഓട്ടോകളെ നഗരത്തില്‍ നിന്ന് ഒഴിവാക്കാനായി തുടങ്ങിയ പരിഷ്‌ക്കരണമാണ് അട്ടിമറിച്ചത്.
നഗരസഭാ പരിധിയിലെ ഓട്ടോറിക്ഷകളുടെ മുന്‍വശം മഞ്ഞ പെയിന്റ് അടിക്കാനുംപെര്‍മിറ്റ് അനുസരിച്ച് സ്റ്റാന്റ് അനുവദിക്കാനായി ഓട്ടോകള്‍ രജിസ്റ്റര്‍ ചെയ്യാനുമാണ് സബ് കലക്ടര്‍ പി ബി നൂഹ് വിളിച്ചുചേര്‍ത്ത ട്രാഫിക് റഗുലേട്ടറി കമ്മിറ്റി യോഗം തീരുമാനിച്ചത്. ഇതനുസരിച്ച് പോലിസ് സ്‌റ്റേഷനില്‍ പോലിസും, ആര്‍ ടി ഒ യും ചേര്‍ന്ന് പ്രത്യേക കൗണ്ടര്‍ തുടങ്ങി. എന്നാല്‍ ട്രാഫിക് പരിഷ്‌ക്കരണത്തിനെതിരെ ചില യൂനിയനുകള്‍ നടത്തിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. നഗരത്തിലെ അനധികൃത ഓട്ടോകളെ സഹായിക്കാനാണ് ഈ തീരുമാനമെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിക്കുന്നു.
ട്രാഫിക് റഗുലേട്ടറി കമ്മിറ്റി എടുത്ത തീരുമാനം അംഗങ്ങള്‍ പോലുമറിയാതെ നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധവുമായി ഐഎന്‍ ടിയു സി ജില്ലാ സെക്രട്ടറി പി ആര്‍ സുരേഷ് രംഗത്തെത്തി. രജിസ്‌ട്രേഷന്‍ പുനരാരംഭിക്കണമെന്നാണ് ഐഎന്‍ടിയുസിയുടെ തീരുമാനമെന്നും സുരേഷ് പറഞ്ഞു. ഓപ്പറേഷന്‍ അനന്തയുടെ ഗുണഫലം പൂര്‍ണ്ണമാകണമെങ്കില്‍ ട്രാഫിക് പരിഷ്‌ക്കരണം നടപ്പാക്കണം .ഈ തീരുമാനമാണ് ചില യൂനിയന്‍ തീരുമാനങ്ങള്‍ക്ക് മുന്നില്‍ അടിയറ വെക്കപ്പെട്ടത്.
Next Story

RELATED STORIES

Share it