മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നോക്കുകുത്തി; ഒബിസി സംവരണം 12 ശതമാനം മാത്രം

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ 27 ശതമാനം സംവരണം ഉറപ്പുവരുത്തിയ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കി 20 വര്‍ഷം കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാരില്‍ ഒബിസി ജീവനക്കാര്‍ 12 ശതമാനത്തില്‍ താഴെ മാത്രം. ചെന്നൈയിലെ ശാസ്ത്രജ്ഞന്‍ ഇ മുരളീധരനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണു സംവരണ നിയമനത്തിലെ യഥാര്‍ഥ വിവരം പുറത്തുവന്നത്.
സാമൂഹിക നീതി മന്ത്രാലയടക്കമുള്ള 40 മന്ത്രാലയങ്ങള്‍, 48 സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ നിന്ന് 2015 ജനുവരി ഒന്നുവരെയുള്ള വിവരങ്ങളാണു ലഭിച്ചത്. ഐഐടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഫസര്‍മാര്‍, മറ്റു കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടക്കമുള്ള എ ഗ്രൂപ്പ് ജീവനക്കാരുടെ നിയമന കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന മാനവശേഷി മന്ത്രാലയവും മറ്റും വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.
കിട്ടിയ വിവരങ്ങളനുസരിച്ച് എ, ബി, സി, ഡി വിഭാഗങ്ങളില്‍ ആകെയുള്ള 79,483 തസ്തികകളില്‍ 9,040 പേര്‍ മാത്രമാണ് ഒബിസി വിഭാഗത്തിലുള്ളവര്‍. വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലുകളും മറ്റും കൈകാര്യംചെയ്യുന്ന കേന്ദ്ര ഉദ്യോഗസ്ഥ മന്ത്രാലയത്തിലാണ് ഏറ്റവും കുറവ് ഒബിസിക്കാരുള്ളത്. അവിടെ ആകെയുള്ള 6,879 തസ്തികകളില്‍ പട്ടികജാതിക്കാര്‍ 12.91 ശതമാനവും പട്ടികവിഭാഗക്കാര്‍ 4 ശതമാനവും ഒബിസിക്കാര്‍ 6.67 ശതമാനവും മാത്രമാണ്.കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ രാഷ്ട്രപതിയുടെ ഓഫിസിലെ എ ഗ്രേഡ് ഓഫിസര്‍മാരില്‍ ഒബിസി വിഭാഗത്തിലെ ഒരാള്‍ പോലുമില്ലെന്ന് കാണാവുന്നതാണ്. യൂനിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ജീവനക്കാരില്‍ 9 ശതമാനത്തില്‍ താഴെയാണ് ഒബിസിക്കാരുടെ എണ്ണം. അവിടെയുള്ള എ ഗ്രേഡ് ഓഫിസര്‍മാരില്‍ ഒബിസിക്കാര്‍ 5 ശതമാനം മാത്രമാണ്. 41 എ ഗ്രേഡ് ഓഫിസര്‍മാരുള്ള ശാസ്ത്ര-വ്യവസായ ഗവേഷണ സ്ഥാപനത്തില്‍ ഒബിസി വിഭാഗത്തിലുള്ള എ ഗ്രേഡ് ഓഫിസര്‍ ഒരാള്‍ മാത്രമാണ്.
സംവരണ വിഭാഗങ്ങള്‍ക്ക് അനുവദിച്ച തസ്തികകളില്‍ നിയമനം നടക്കുന്നില്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പാക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യവും ഈ കണക്കുകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ഓരോ വര്‍ഷവും സംവരണ വിഭാഗങ്ങളുടെ നിയമനങ്ങളെക്കുറിച്ചു വിവരാവകാശ നിയമപ്രകാരം ഹരജി സമര്‍പ്പിക്കാറുണ്ടെങ്കിലും വകുപ്പുകള്‍ യഥാസമയം വിവരങ്ങള്‍ നല്‍കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it