Kottayam Local

മണ്ഡലക്കാലം മംഗളമായി: ഇനി എരുമേലി മകരവിളക്കിലേക്ക്

എരുമേലി: മണ്ഡലകാലം മംഗളമായി പൂര്‍ത്തിയായതിന്റെ സംതൃപ്തിയോടെ എരുമേലി ഇപ്പോള്‍ വിശ്രമത്തിന്റെ ആലസ്യത്തില്‍. പൂരം കഴിഞ്ഞ ഉല്‍സവപറമ്പ് പോലം തീര്‍ത്ഥാടകരും ചെണ്ടയടി മേളങ്ങളുമില്ലാതെ ടൗണും പരിസരവും വിജനം.
രാത്രിയും പകലുമെല്ലാം തുറന്ന് പ്രവര്‍ത്തിച്ചിരുന്ന നൂറുകണക്കിന് സീസണ്‍ കടകള്‍ ആളും അനക്കവുമില്ലാതെ ചാക്ക് പടുതകള്‍ കൊണ്ട് മറച്ച് അടഞ്ഞുകിടക്കുന്നു. എല്ലാം 42 ദിവസം നീണ്ട മണ്ഡലകാലത്തിന്റെ ക്ഷീണം തീര്‍ത്ത് വിശ്രമത്തിലാണ്. ഈ നിശബ്ദ കാഴ്ചയ്ക്ക് 30 ന് തിരശീല വീഴും. നിലയ്ക്കാതെ ചെണ്ടമേളശബ്ദങ്ങളും പേട്ടതുള്ളലും ശരണം വിളികളുമെല്ലാം അന്നുമുതല്‍ മുഴങ്ങി തുടങ്ങും. 30 നാണ് മകരവിളക്ക് ഉല്‍സവ കാലം ആരംഭിക്കുന്നത്. വീണ്ടും പഴയ ഉല്‍സവ തിരക്കിലേക്ക് എരുമേലി തിരിച്ചെത്തും.
നാടിന്റെ കീര്‍ത്തി ലോകമെങ്ങും പരന്ന മതമൈത്രിയുടെ ആഘോഷങ്ങളായ ചന്ദനക്കുടവും പേട്ടതുള്ളലും മകരവിളക്ക് സീസണിലാണ്. ചന്ദനക്കുടാഘോഷം 11 നും ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ -ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍ 12 നുമാണ് നടക്കുക. തുടര്‍ന്ന് മകരജ്യോതി ദര്‍ശനം കഴിയുന്നതോടെ ഇത്തവണത്തെ തീര്‍ത്ഥാടന കാലത്തിന് വിരാമമാവും. കണല ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് കടയില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ച സംഭവം ഒഴിച്ചാല്‍ കാര്യമായ അപകടസംഭവങ്ങളില്ലാതെയാണ് മണ്ഡലകാലം സമാപിച്ചത്.
ചെന്നെയിലെ പ്രളയക്കെടുതി മൂലം തമിഴ്‌നാട്ടില്‍ നിന്ന് ഇത്തവണ വന്‍തോതില്‍ തീര്‍ത്ഥാടക പ്രവാഹമുണ്ടായില്ല. ഇക്കാരണത്താല്‍ കെഎസ്ആര്‍ടിസി ബസുകളുടെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് കാര്യമായ കലക്ഷന്‍ വര്‍ധനവ് ഉണ്ടായില്ല. കച്ചവടക്കാരും നിരാശയിലാണ്. തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്ന മകരവിളക്ക് സീസണിലാണ് ഇനി പ്രതീക്ഷയെല്ലാം.
Next Story

RELATED STORIES

Share it