മണിയുടെ മരണം: ക്രൈംബ്രാഞ്ച് എസ്പി പാഡി സന്ദര്‍ശിച്ചു

ചാലക്കുടി: ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുന്നു. സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജ ചേനത്തുനാട്ടിലെ മണിയുടെ ഗസ്റ്റ്ഹൗസായ പാഡി സന്ദര്‍ശിച്ചു. നടന്റെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നു വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ചികില്‍സ നല്‍കിയതില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും. ഇതിനായി കൊച്ചി പോലിസിനു നിര്‍ദേശം നല്‍കി.
അതേസമയം, മണിയുടെ സുഹൃത്തുക്കളെയും അവസാനദിവസം പാഡിയില്‍ ഉണ്ടായിരുന്നവരെയും ഇന്നലെ വീണ്ടും ചോദ്യംചെയ്തു. ഇതിനകം 140 പേരുടെ മൊഴിയെടുത്തിരുന്നു. ഇതില്‍ പലരും ഇപ്പോഴും കസ്റ്റഡിയിലാണ്. മണിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ കണ്ടെത്തിയ ക്ലോറോപൈറോസിസ് എന്ന കീടനാശിനിയുടെ സാംപിള്‍ വിശദപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള കീടനാശിനി ചാലക്കുടിയിലെ നാലു വ്യാപാരസ്ഥാപനങ്ങളില്‍ വില്‍ക്കുന്നതായും പോലിസ് കണ്ടെത്തി. ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. മണിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ബന്ധുക്കള്‍ ആക്ഷേപമുന്നയിച്ച പശ്ചാത്തലത്തില്‍ ഇക്കാര്യവും പരിശോധിക്കും. സംഭവ ദിവസമായ നാലിന് മണിയുടെ ശരീരത്തില്‍ കീടനാശിനി എത്തിയിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. അഞ്ചിനു പുലര്‍ച്ചെ നാലു മുതല്‍ എട്ടു വരെയുള്ള സമയത്താണ് കീടനാശിനി ശരീരത്തില്‍ കലര്‍ന്നതെന്നാണു സംശയം.
അതിനിടെ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മണി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളടക്കം പത്തോളം വസ്തുക്കള്‍ കാക്കനാട് റീജ്യനല്‍ അനലറ്റിക്കല്‍ ലാബിനു കൈമാറി. ആശുപത്രി റിപോര്‍ട്ടും രാസപരിശോധനാ ഫലവും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കരള്‍രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് മണി മരിച്ചതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. വിഷത്തിന്റെ സാന്നിധ്യം ഉള്ളതായും ആശുപത്രി അധികൃതര്‍ സൂചന നല്‍കിയിരുന്നു. തുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി റീജ്യനല്‍ അനലറ്റിക്കല്‍ ലാബിനു കൈമാറിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിക്കും.
Next Story

RELATED STORIES

Share it