മണിയും പോയി; കലാഭവനു നഷ്ടം പേരു തന്നെ

കൊച്ചി: 'അന്നു ഞാന്‍ ഇട്ടിരുന്നത് ആറ് പോക്കറ്റുള്ള കാക്കി ഷര്‍ട്ടാണ്. യൂനിഫോം ഇല്ലാതെ ഓട്ടോ ഓടിക്കാന്‍ പറ്റില്ലല്ലോ'. താന്‍ കൊച്ചി കലാഭവനില്‍ എത്തിയ ദിവസത്തെക്കുറിച്ച് കലാഭവന്‍ മണി ഒരിക്കല്‍ ഇങ്ങനെയാണ് അനുസ്മരിച്ചത്. കലാഭവന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന പേരാണ് കലാഭവന്‍ മണിയുടെത്.
കേരളത്തിലെ ആദ്യത്തെ മിമിക്രി ട്രൂപ്പ് ആയ കലാഭവന്‍ 1969 സപ്തംബര്‍ മൂന്നാം തിയ്യതിയാണ് രൂപം കൊള്ളുന്നത്. മിമിക്രി എന്ന കലാരൂപത്തെ ഇത്രമാത്രം ജനകീയമാക്കിയത് ഈ സ്ഥാപനത്തിലൂടെ വളര്‍ന്നുവന്ന കലാഭവന്‍ മണിയടക്കമുള്ള താരങ്ങളാണ്. സംഗീതം, നൃത്തം, മിമിക്രി അങ്ങനെയുള്ള എല്ലാ കലാരൂപങ്ങളുടെയും പരിശീലന കേന്ദ്രമായ സ്ഥാപനത്തിന് ഈ കലാരൂപങ്ങളെയെല്ലാം ഒന്നിച്ചു കോര്‍ത്തിണക്കാന്‍ കഴിഞ്ഞ നടന്‍ കലാഭവന്‍ മണിയായിരുന്നുവെന്നതില്‍ സംശയമില്ല.
ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ തുടക്കം കുറിച്ച കലാഭവന്‍ പിന്നീട് കലാരൂപങ്ങളില്‍ മാറ്റം വരുത്തി. കലാഭവന്റെ മിമിക്‌സ് പരേഡ് എന്നു കേട്ടാല്‍ എവിടെയും ആളുകള്‍ ഇടിച്ചുകയറുമായിരുന്നു. പ്രത്യേകിച്ചും കലാഭവന്‍ മണിയടക്കമുള്ള താരങ്ങളുടെ. കലാഭവനെ ഒത്തൊരുമയോടെ നയിച്ച ഫാ. ആബേല്‍ എന്ന ആ വലിയ മനുഷ്യന്റെ സംഘടനാപാടവവും ആയിരുന്നു ഈ കലാകാരന്‍മാരെ വാര്‍ത്തെടുത്തതിനു പിന്നില്‍. ഹാസ്യനടനായാണു വന്നതെങ്കിലും പിന്നീട് മികച്ച അഭിനയത്തിലൂടെ മലയാള സിനിമയില്‍ മുന്നേറിയ കലാഭവന്‍ മണി നാടന്‍പാട്ടുകളിലൂടെ മലയാളിയുടെ മനം കവരുകയും പിന്നീട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെ അതിശയിപ്പിക്കുകയും ചെയ്തു. ജയറാം, ദിലീപ്, നാര്‍ദിഷ തുടങ്ങിയ താരങ്ങളും കലാഭവനില്‍ മണിയോടൊപ്പമുണ്ടായിരുന്നു.
ആദ്യകാലത്ത് കലാഭവനില്‍ ഉണ്ടായിരുന്ന കലാകാരനായിരുന്നു സൈനുദ്ദീന്‍. 1999 നവംബര്‍ 4ന് അദ്ദേഹം വിടപറഞ്ഞു. പിന്നീട് കലാഭവന്റെ മികച്ച പ്രതിഭയായ കൊച്ചിന്‍ ഹനീഫയും. എന്‍ എഫ് വര്‍ഗീസും നിനച്ചിരിക്കാത്ത നേരത്താണു മരണപ്പെട്ടത്.
Next Story

RELATED STORIES

Share it