മണിപ്പൂരില്‍ സാമ്പത്തിക ഉപരോധ സമരം: രണ്ട് ലോറികള്‍ കത്തിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ പ്രത്യേക 'ജിരിബം' ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധ സമരം തുടങ്ങി. ജിരിബം ജില്ലാ ആവശ്യസമിതി (ജെഡിഡിസി)യാണ് അനിശ്ചിതകാല സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ മണിപ്പൂരില്‍ ചരക്കുനീക്കം തടസ്സപ്പെട്ടു.
രണ്ട് ചരക്കുവാഹനങ്ങള്‍ പ്രക്ഷോഭകര്‍ കത്തിച്ചു. തമെങ്‌ലോങ് ജില്ലയില്‍ ദേശീയപാത 37ലാണ് രണ്ട് ലോറികള്‍ അഗ്നിക്കിരയാക്കിയത്. ഉപരോധത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ കുടുങ്ങിയ 600 വാഹനങ്ങളില്‍ രണ്ടെണ്ണമാണ് പ്രക്ഷോഭകര്‍ കത്തിച്ചത്. തകര്‍ന്ന ദേശീയപാത നന്നാക്കണമെന്നാവശ്യപ്പെട്ട് സേനാപതി ജില്ലയിലെ പൗരസമൂഹ സംഘടനകള്‍ നടത്തുന്ന ദേശീയപാത ഉപരോധവും സംസ്ഥാനത്തെ അവശ്യവസ്തു വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇതുമൂലം നൂറോളം ചരക്കുവാഹനങ്ങള്‍ സേനാപതി ജില്ലയിലെ ഹെംഗ് ബംഗ് ടാക്‌സേഷന്‍ ചെക്‌പോസ്റ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പോലിസ് അറിയിച്ചു.
സാമ്പത്തിക ഉപരോധം കാരണം രണ്ടുദിവസമായി ചരക്കുവാഹനങ്ങളൊന്നും മണിപ്പൂര്‍ തലസ്ഥാനത്തെത്തിയിട്ടില്ല. സംസ്ഥാനത്ത് പച്ചക്കറിയടക്കമുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.
Next Story

RELATED STORIES

Share it