മണിപ്പൂരിലെ ഭൂകമ്പം സൂചിപ്പിക്കുന്നത്

മണിപ്പൂരിലെ ഭൂകമ്പം സൂചിപ്പിക്കുന്നത്
X
slug tg jacob

മണിപ്പൂര്‍ ഒരു ചെറിയ പ്രദേശമാണ്. തമിഴകത്തിന്റെ ഒരു ജില്ലയുടെ വലുപ്പം കാണും. അവിടെ ഈ അടുത്ത കാലത്ത് ഭൂമി ശക്തമായി കുലുങ്ങി. കുലുക്കം മൊത്തം വടക്കന്‍ ബംഗാളും കിഴക്കന്‍ ബിഹാറും കൊല്‍ക്കത്തയും വരെ അറിഞ്ഞു. മണിപ്പൂരിനുള്ളില്‍ എന്തു സംഭവിച്ചുവെന്നതിന്റെ വിശദവിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. കുലുക്കത്തിന്റെ യഥാര്‍ഥ വ്യാപ്തിയും അത്ര വ്യക്തമല്ല. ജനങ്ങള്‍ക്കു മനസ്സിലാക്കാന്‍ പ്രയാസമുള്ള ചില സാങ്കേതിക വസ്തുതകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ.

മാധ്യമങ്ങള്‍ ആഗോളവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളതുകൊണ്ടുതന്നെ വിവരാവകാശത്തിന്റെ ഏറ്റവും ഫലവത്തായ കടിഞ്ഞാണായി പ്രവര്‍ത്തിക്കുകയും ചെയ്യും. സമൂഹം മൊത്തത്തില്‍ എത്രയും കൂടുതല്‍ ആഗോളവല്‍ക്കരിക്കപ്പെടുന്നുവോ അത്രയും കൂടുതല്‍ വിവരാവകാശം സങ്കുചിതമാവുമെന്നതിനു തെളിവാണ് മാധ്യമങ്ങളുടെ ഈ പ്രവര്‍ത്തനക്ഷമത. മണിപ്പൂര്‍ കേരളത്തിന്റെ പശ്ചിമഘട്ട മേഖലയ്ക്ക് പല തരത്തിലും സമാനമാണ്. ഉരുളുന്ന കുന്നുകളും നല്ല മഴയും. സാധാരണ രീതിയില്‍ വെള്ളം ഒഴുകാനുള്ള സൗകര്യമുള്ളതുകൊണ്ട് കടുത്ത വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാവാറില്ല. ലോകെത്ത നാലാമത്തെ വലിയ നദീസമുച്ചയത്തിന്റെ കാലാവസ്ഥ, പരിസ്ഥിതി പ്രമാണങ്ങള്‍ മണിപ്പൂരിനും മൊത്തം വടക്കുകിഴക്കന്‍ മേഖലയ്ക്കും ബംഗ്ലാദേശിനും ഏറ്റക്കുറച്ചിലുകളോടെ ബാധകമാണ്.

മൊത്തം പ്രദേശവും കാലാകാലങ്ങളായി ഭൂമിശാസ്ത്ര വ്യതിയാനങ്ങള്‍ക്കു വിധേയമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും ഭീകരമായ ഒരു ദുരന്തമെന്ന നിലയില്‍ അസം ഭൂമികുലുക്കം ഞെട്ടലോടെ ഓര്‍മിക്കപ്പെടുന്ന ചരിത്രമാണ്. അതു ബ്രഹ്മപുത്രയുടെ ഗതിയും ഘടനയും മാറ്റി. അതനുസരിച്ച് കാര്‍ഷിക മാറ്റങ്ങളും നടന്നു. ഈ പ്രദേശം ആകപ്പാടെ കിഴക്കന്‍ ഹിമാലയത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ബ്രഹ്മപുത്ര  തിബത്തില്‍ നിന്ന് ഓടിവന്ന് അരുണാചലില്‍ കൂടി അസമില്‍ എത്തുമ്പോള്‍ വളരെ വീതി കൂടുന്ന നദിയായി മാറുന്നു. അതിന്റെ തീരത്ത് നിരവധി ടൗണുകളും ഗ്രാമങ്ങളുമുണ്ട്. ഈ വിശാലമായ പ്രദേശത്തിന്റെ പരിസ്ഥിതിയെയും കാര്‍ഷിക ഘടനയെയും സംസ്‌കാരങ്ങളെയും സുപ്രധാനമായി നിര്‍ണയിക്കുന്നതാണ് ബ്രഹ്മപുത്ര നദീജലശൃംഖല. ഭൂമിശാസ്ത്രപരമായ ലോലതയും അസ്ഥിരതയും തെളിയിക്കപ്പെട്ട സ്ഥായിയായ സ്വഭാവമാണ്.

നൂറുകണക്കിന് അരുവികളും ചെറുനദികളും വന്‍നദികളും ബ്രഹ്മപുത്രയില്‍ വന്നുചേരുന്നു. ഈ നദീജലശൃംഖലയില്‍ ശ്രദ്ധേയമായ 'വികസന'പദ്ധതി, ഒരു വന്‍ അണക്കെട്ട് സമുച്ചയം നിര്‍മിച്ച് ബ്രഹ്മപുത്രയുടെ നിലവിലുള്ള പ്രസക്തിയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. വൈദ്യുതി ഉല്‍പാദനം ലക്ഷ്യമാക്കിയുള്ള നിര്‍മാണമാണിത്. സിക്കിമിലും അരുണാചലിലും അസമിലും ഒക്കെയായി 65 അണക്കെട്ടുകളാണ് ഈ പദ്ധതിയുടെ വ്യാപ്തി. വന്‍ തുരങ്കങ്ങള്‍ നിര്‍മിച്ച് അവയിലൂടെ വെള്ളം തിരിച്ചുവിട്ട് കൂറ്റന്‍ ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതി. മലകള്‍ തുരന്നാണ് ഈ ടണലുകള്‍ നിര്‍മിക്കുന്നത്. ഈ ടണലുകള്‍ ദശലക്ഷക്കണക്കിനു ടണ്‍ വേസ്റ്റുണ്ടാക്കും. വെള്ളം മാറ്റിവിടുന്നതിനു താഴെ ഈ വേസ്റ്റ് നദിയില്‍ തന്നെ തട്ടാനാണ് പദ്ധതി. ഈ വന്‍ നദീജലസമുച്ചയത്തെ കൊല്ലാനുള്ള പദ്ധതിയാണ് ഈ വന്‍ അണക്കെട്ട് പദ്ധതി. ഇതിനെതിരായ വമ്പിച്ച ജനരോഷം അസമില്‍ വളര്‍ന്നുവന്നിട്ടുണ്ട്.

ടര്‍ബൈനുകള്‍ കൊല്‍ക്കത്ത തുറമുഖത്തു നിന്നു നദിയില്‍ കൂടി വേണം ഡാം സൈറ്റുകളില്‍ എത്തിക്കാന്‍. നദി യുദ്ധക്കളരിയായി മാറുമെന്നാണ് ഉള്‍ഫ മാതിരിയുള്ള പ്രമുഖ യുവജന സംഘടനകളും മുന്നറിയിപ്പു നല്‍കുന്നത്. അതു നടക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഡാമുകള്‍ അസമിനു മാത്രമല്ല പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നത്. മണിപ്പൂര്‍, സിക്കിം മുതലായ മറ്റു ചെറുസംസ്ഥാനങ്ങളില്‍ തീക്ഷ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു തീര്‍ച്ച. സിക്കിമില്‍ ഇതിനെച്ചൊല്ലി ഇന്ത്യ അവിടം തന്ത്രപരമായി പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു കാര്യവും കണക്കിലെടുക്കണം. ബ്രഹ്മപുത്ര പല സ്ഥലങ്ങളിലും പല പ്രദേശങ്ങളിലും പല പേരുകളില്‍ അറിയപ്പെടുന്ന അന്തര്‍ദേശീയ നദിയാണ്. ചൈനയുടെ ഒരു വന്‍ പദ്ധതി, തിബത്തില്‍ കൂടി ആയിരക്കണക്കിനു കിലോമീറ്ററുകള്‍ ഒഴുകിവരുന്ന ഈ നദിയില്‍ നിന്നു വന്‍തോതില്‍ വെള്ളം കനാലുകളും ടണലുകളും ഉപയോഗിച്ച് ജലദൗര്‍ലഭ്യം അനുഭവിക്കുന്ന വടക്കന്‍ ചൈനയിലെ പ്രദേശങ്ങളില്‍ എത്തിക്കുകയെന്നതാണ്.

ഈ പദ്ധതി ഉറപ്പായും ഇന്ത്യയില്‍ കൂടി ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കും. അങ്ങനെ ദുര്‍ബലമാക്കപ്പെടുന്ന നദിയെയാണ് ഇവിടെ നിരവധി അണക്കെട്ടുകള്‍ വഴി കൊല്ലുന്നത്. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ വിപണനം ഒരു പുതിയ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതൊരു വൈദ്യുതി ബാങ്കിന്റെ സ്വഭാവമാണ് കൈവരിക്കുന്നത്. കോര്‍പറേറ്റുകള്‍ പദ്ധതിക്കു വേണ്ടി മുതല്‍മുടക്കും. വൈദ്യുതി ആവശ്യമുള്ള കോര്‍പറേറ്റുകള്‍ നിര്‍മാണപ്രവൃത്തികള്‍ക്ക് പണം കൊടുത്ത് ഉല്‍പാദനത്തിന്റെ വിഹിതം മുന്‍കൂര്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ആ പ്രദേശത്തിനു വേണ്ടിയേയല്ല. വടക്കേ ഇന്ത്യയിലേക്കും വന്‍ വ്യവസായകേന്ദ്രങ്ങളിലേക്കുമാണ് കോര്‍പറേറ്റുകള്‍ അവരുടെ വിഹിതങ്ങള്‍ കൊണ്ടുപോവുന്നത്. വടക്കുകിഴക്കന്‍ മേഖലയെ ഒരു പിന്നാമ്പുറമായി നിര്‍ദയം ഉപയോഗിക്കുകയാണ് ഉദ്ദേശ്യം. പരിസ്ഥിതി ഹരാകിരി വടക്കുകിഴക്കിന്റെ വിധിയും കൊള്ളലാഭം മറ്റുള്ളവര്‍ക്കും. മണിപ്പൂര്‍ മാതിരിയുള്ള പ്രദേശങ്ങള്‍ക്ക് മറ്റൊരു പ്രധാന ദുരന്തം കൂടി വന്നുചേര്‍ന്നിട്ടുണ്ട്. ഇതും വിഭവങ്ങളെച്ചൊല്ലിയാണ്.

വന്‍തോതില്‍ ബോക്‌സൈറ്റ് നിക്ഷേപങ്ങളും തന്ത്രപ്രാധാന്യമുള്ള മറ്റു ധാതുക്കളും ഈ കുന്നുകളില്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ഖനനവും ഊര്‍ജിതമാണ്. കുന്നുകള്‍ ഇടിച്ചുനിരത്തി പിന്നെയും കുഴിക്കുന്ന പ്രാകൃതമായ ഖനനം. പട്ടാളത്തിനു പ്രത്യേക അധികാരങ്ങളുള്ള ഫാഷിസ്റ്റ് ഭരണക്രമത്തിന്റെ തണലിലാണിത് നടപ്പാക്കുന്നത്. അതുകൊണ്ടാണിത് ചെയ്യാന്‍ കഴിയുന്നതും. പട്ടാള മേധാവിത്വം നിലവിലുള്ള മണിപ്പൂരിലാണിത് അത്യന്തം അശാസ്ത്രീയവും കിരാതവുമായി നടന്നുകൊണ്ടിരിക്കുന്നത്. ഈ പണി ഊര്‍ജിതമായിട്ട് പത്തു വര്‍ഷം കഴിഞ്ഞു. ഈ ഖനനത്തിന്റെ അടിയന്തരവും ദൂരവ്യാപകവുമായ ഫലങ്ങളെപ്പറ്റി ആരും വേവലാതിപ്പെടുന്നില്ല. മണിപ്പൂരില്‍ അടുത്ത കാലത്തുണ്ടായ ഭൂമികുലുക്കവും ഈ 'വികസന'വും തമ്മിലുള്ള ബന്ധമെന്താണ്? ഉത്തരം കണ്ടെത്തേണ്ട ജീവന്മരണ ചോദ്യമായി ഇത് അവശേഷിക്കുന്നു. 'ഓ, യു ആര്‍ ഫ്രം ഇന്ത്യ' എന്ന് ആദ്യം പരിചയപ്പെടുന്ന ഒരാളെ സംബോധന ചെയ്യുന്ന ഒരു ജനതയുടെ കരുതല്‍ വിഭവങ്ങള്‍ എത്രയും വേഗം കൊള്ളയടിച്ചു തീര്‍ക്കുക, അതിനു വേണ്ടി പരിസ്ഥിതിയെ എങ്ങനെയും ബലാല്‍ക്കാരം ചെയ്യുക എന്ന മനോഭാവം പ്രവൃത്തിയില്‍ അതിന്റെ എല്ലാ പല്ലിളിപ്പോടെയും മണിപ്പൂരില്‍ കാണാം. ഇതൊക്കെ നടക്കുന്നതിന്റെ സാമൂഹിക പശ്ചാത്തലവും ശ്രദ്ധേയമാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ കുറേ വര്‍ഷമായി ഒരു പുതിയ സമ്പന്നവര്‍ഗം ഉയര്‍ന്നുവന്നിട്ടുണ്ട്.

പലയിടങ്ങളിലും 'കീഴടങ്ങല്‍' ഒരു വ്യവസായമാണ്. മണിപ്പൂര്‍ പോലുള്ള ഒരു ചെറുപ്രദേശത്ത് താലൂക്ക് അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തില്‍ പോലും സായുധകലാപസംഘങ്ങളുണ്ട്. തെക്കേ അമേരിക്കയിലെ കൊളംബിയയുടെ അവസ്ഥ. സര്‍ക്കാര്‍ കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍, ഈ വളരെ ചെറിയ പ്രദേശത്ത് അറുപതില്‍ കൂടുതല്‍ ഗറില്ലാ സംഘങ്ങള്‍ ഉണ്ടെന്നാണ്. ഇതിന്റെതന്നെ മറ്റൊരു വശമാണ് സായുധസംഘങ്ങള്‍ ഉണ്ടെന്നു പറയുകയും ആ പേരില്‍ 'കീഴടങ്ങല്‍' നടത്തുന്നതും. ഈ 'കീഴടങ്ങലുകള്‍' നാടകങ്ങളായിട്ടാണ് സാധാരണക്കാര്‍ കരുതുന്നത്. പട്ടാളത്തിനു വേണ്ടിയുള്ള ദല്ലാളന്മാരായും, നടപ്പാക്കാത്ത സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുത്തും മറ്റും ഒരു പുതിയ സമ്പന്നവര്‍ഗമായി ഇവര്‍ പരിണമിക്കുന്നു; ലഹരിമരുന്നു മാഫിയകളാവുന്നു, കള്ളക്കടത്ത് മാഫിയകളാവുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍, 'ലുമ്പന്‍ ബൂര്‍ഷ്വാസി' അഥവാ സാമൂഹികവിരുദ്ധ തെണ്ടിമുതലാളിവര്‍ഗം സാമ്പത്തികതലത്തില്‍ ആധിപത്യം നേടുന്നു.

ഈ പ്രക്രിയ വടക്കുകിഴക്കന്‍ ദേശങ്ങളില്‍ ഉടനീളം പ്രകടമായി കാണാവുന്ന പ്രതിഭാസമാണ്. ഈ മുതലാളിമാര്‍ ഒരു ഗുണ്ടാവര്‍ഗമാണ്. ഇവര്‍ ഭൂമികൈയേറ്റക്കാരാണ്. ഇവര്‍ ഭരണക്രമത്തോട് പൂര്‍ണ വിധേയത്വം പുലര്‍ത്താന്‍ ബാധ്യസ്ഥരുമാണ്. ഈ ഇത്തിക്കണ്ണി സമ്പന്നവര്‍ഗം ഭയത്തിലും സായുധശേഷിയിലും അധിഷ്ഠിതമായ, അടിച്ചേല്‍പിക്കപ്പെട്ട ഭരണസംവിധാനത്തിന്റെ സാമൂഹിക അടിത്തറയാവുന്ന പ്രക്രിയയാണ് ഇപ്പോള്‍ കാണുന്നത്. വടക്കുകിഴക്കിന്റെ ദേശീയ പ്രശ്‌നം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുന്ന പ്രക്രിയ. മണിപ്പൂര്‍ ഇതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.         $
Next Story

RELATED STORIES

Share it