മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച; ഒടുവില്‍ രാജിപ്രഖ്യാപനം

കൊച്ചി: ബാര്‍ കോഴക്കേസില്‍ തനിക്കെതിരേ കേസെടുക്കാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി വിധിയെക്കുറിച്ച് കെ ബാബു അറിഞ്ഞത് ആലുവ മുട്ടം യാര്‍ഡില്‍ നടന്ന കൊച്ചി മെട്രോയുടെ ഫഌഗ്ഓഫ് ചടങ്ങിനിടെ. ബാബു ആശംസാപ്രസംഗം നടത്തുന്നതിനിടെയാണ് കേസെടുക്കാനുള്ള വിജിലന്‍സ് കോടതി ഉത്തരവിന്റെ വാര്‍ത്ത എത്തിയത്.
ഹൈബി ഈഡന്‍ എംഎല്‍എയുടെ ഫോണിലേക്കാണ് ആദ്യം വിവരമെത്തിയത്. ബാബു പ്രസംഗിക്കുന്നതിനിടെ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി ഹൈബി വിവരം പങ്കുവച്ചു. ആഹ്ലാദഭരിതമായിരുന്ന വേദി പൊടുന്നനെ മ്ലാനമായി. പ്രസംഗം കഴിഞ്ഞ് സുസ്‌മേരവദനനായി കസേരയിലേക്കു മടങ്ങിയ ബാബുവിന്റെ മുഖം വാര്‍ത്തയറിഞ്ഞു മഌനമായി. മന്ത്രിയുടെ തൊട്ടടുത്തു വന്നിരുന്ന ഹൈബി ഈഡന്‍ വിജിലന്‍സ് കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ ഫോണിലൂടെ കേട്ട് ബാബുവിനെ അറിയിച്ചുകൊണ്ടിരുന്നു. ആകാംക്ഷ കൊണ്ട് വലിഞ്ഞുമുറുകിയ മുഖവുമായി ബാബു ഇരുന്നപ്പോള്‍ മുഖ്യമന്ത്രി കാമറകള്‍ക്കു മുന്നില്‍ മുഖത്ത് ചിരി വരുത്തി.
സമ്മേളനം കഴിഞ്ഞ് മെട്രോ ട്രെയിനില്‍ മറ്റുള്ളവര്‍ക്കൊപ്പം കയറിയ ബാബുവിന്റെ മുഖത്ത് പിരിമുറുക്കം മാത്രമായിരുന്നു. ചടങ്ങു പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇന്നുതന്നെ പ്രതികരണം ഉണ്ടാവുമെന്ന് ബാബു പറഞ്ഞു.
ഇതിനിടെ, കോടതി പരാമര്‍ശം അതീവ ഗൗരവമായി കാണുന്നു എന്ന് എറണാകുളം ഗസ്റ്റ്ഹൗസില്‍ തങ്ങിയിരുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രസ്താവന വന്നു. എറണാകുളം ഗസ്റ്റ്ഹൗസില്‍ എത്തിയ കെ ബാബു സുധീരനെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബാബുവിനു പിന്നാലെ മുഖ്യമന്ത്രി കൂടി ഗസ്റ്റ്ഹൗസിലേക്ക് എത്തിയതോടെ പിരിമുറുക്കം ഏറി. രമേശ് ചെന്നിത്തലയും സുധീരനും ഫോണില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച. അപ്പീല്‍ നടപടികള്‍ ഉള്‍പ്പെടെ ആലോചനാവിഷയമായി. എന്നാല്‍, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയും മുന്നണിയും പിന്തുണയ്ക്കില്ലെന്ന് ഉറപ്പായതിനാല്‍ ആ വഴിക്കു നടന്ന ചര്‍ച്ചകള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. നിലപാടില്‍ ഒട്ടും അയവില്ലാതെ സുധീരനും നിന്നതോടെ രാജിയല്ലാതെ മറ്റു പോംവഴി ഇല്ലെന്നായി. തുടര്‍ന്ന് മൂന്നു മണിക്ക് എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചു. വീണ്ടും ഫോണിലും നേരിട്ടും തിരക്കിട്ട ചര്‍ച്ചകള്‍. ശേഷം 3.30ഓടെ പ്രസ്‌ക്ലബ്ബില്‍ എത്തിയ ബാബു രാജി വയ്ക്കുകയാണെന്നു പ്രഖ്യാപിച്ചു. ഇതിനിടെ ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എറണാകുളം പ്രസ്‌ക്ലബ്ബിനു മുന്നില്‍ തടിച്ചുകൂടി. രാജി പ്രഖ്യാപിച്ച് ഇറങ്ങിയ ബാബുവിനെ കോണ്‍ഗ്രസ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണു സ്വീകരിച്ചത്.
Next Story

RELATED STORIES

Share it