kannur local

മണല്‍ നീക്കം ചെയ്യുന്നില്ല: ആയിക്കരയിലെ ഡ്രഡ്ജിങ് ഇഴയുന്നു; മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍

കണ്ണൂര്‍: മണല്‍ നീക്കം ചെയ്യാത്തതിനാല്‍ ആയിക്കര മല്‍സ്യബന്ധന തുറമുഖത്ത് ബോട്ടുകള്‍ അടുപ്പിക്കാനാവാതെ തൊഴിലാളികള്‍ ദുരിതത്തില്‍. കഴിഞ്ഞ 14 മാസമായി തുടരുന്ന ഡ്രഡ്ജിങ് പ്രവൃത്തി ഇഴഞ്ഞു നീങ്ങിയതോടെ 150 മീറ്റര്‍ അകലെ ബോട്ട് നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. ചെറുവള്ളങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോഴും ബോട്ടില്‍ നിന്നു മല്‍സ്യം തീരത്തെത്തിക്കുന്നത്. ഇതു തൊഴിലാളികളെ ബാധിച്ചതോടെ നാലോളം ഐസ് പ്ലാന്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിടുകയും ചെയ്തു. ഇതോടെ ബാക്കിവരുന്ന മല്‍സ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാതെ തൊഴിലാളികള്‍ വേഗത്തില്‍ മല്‍സ്യം വിറ്റഴിക്കേണ്ട അവസ്ഥയിലാണ്.
അതേസമയം, പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ സ്ഥലം എംഎല്‍എയായ എ പി അബ്ദുല്ലക്കുട്ടി പൂര്‍ണ പരാജയമാണെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. ഡ്രഡ്ജിങ് പ്രവൃത്തിയുമായി ഒരു ഘട്ടത്തിലും സ്ഥലം എംഎല്‍എ ഇടപെട്ടില്ലെന്നാണ് ഇവരുടെ ആരോപണം. പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് അറിയിച്ചപ്പോഴും വേണ്ട നടപടി കൈക്കൊണ്ടില്ല. തൊഴിലാളികളോട് പ്രതിഷേധ മനോഭാവത്തോടെയാണ് അബ്ദുല്ലക്കുട്ടി എംഎല്‍എ പെരുമാറിയതെന്നും തൊഴിലാളികള്‍ പറഞ്ഞു.
കൊച്ചിയിലെ വെസ്റ്റ് കോസ്റ്റ് എന്ന കമ്പനിക്കാണ് ആയിക്കരയിലെ ഡ്രഡ്ജിങ് പ്രവൃത്തിയുടെ ചുമതല നല്‍കിയത്. 500 ദിവസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം. എന്നാല്‍ തുടക്കം മുതല്‍ നിസ്സംഗമട്ടിലാണ് പ്രവൃത്തി ആരംഭിച്ചത്. രണ്ടു ദിവസം ഡ്രഡ്ജിങ് നടന്നാല്‍ മെഷീന്‍ ആഴ്ചകളോളം പണിമുടക്കും. കൂടാതെ കടലില്‍ നിന്നു നീക്കുന്ന മണല്‍ തീരത്തു നിന്നു മാറ്റാനും ആരെയും ചുമതലപ്പെടുത്തിയില്ല. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ മണല്‍ നീക്കുന്നതില്‍ ഇടപെട്ടിരുന്നെങ്കിലും പിന്നീട് കൈ ഒഴിയുകയായിരുന്നു.
നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ മണലെടുക്കാന്‍ ആരും തയ്യാറാവുന്നുമില്ല. നേരത്തേ ടെ ന്‍ഡര്‍ നല്‍കുന്ന കമ്പനികള്‍ക്കു തന്നെയാണു മണല്‍ നീക്കാ നും ചുമതല നല്‍കിയിരുന്നതെങ്കിലും ഇത്തവണ ഇതു പരാമര്‍ശിക്കാതെയാണു കരാര്‍ നല്‍കിയത്. ഇതോടെ ഹാര്‍ബറിനു സമീപത്തു നിന്നു മണല്‍ നീക്കുന്നത് പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
പ്രവൃത്തിയുടെ വേഗത കുറയാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കനക്കുന്നതോടെ നീക്കിയ മണ്ണ് വീണ്ടും കടലില്‍ പതിക്കുമെന്ന ആശങ്കയിലാണ് ആയിക്കരയിലെ മല്‍സ്യത്തൊഴിലാളികള്‍.
Next Story

RELATED STORIES

Share it