Kollam Local

മണല്‍വാരല്‍ തടയാന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് വാള്‍ ഇടിച്ച് നിരപ്പാക്കി

ശാസ്താംകോട്ട: നിരോധനം ലംഘിച്ച് കല്ലടയാറ്റില്‍ നടക്കുന്ന അനധികൃത മണല്‍വാരല്‍ തടയുന്നതിനുവേണ്ടി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ്‌വാള്‍ രാത്രിയുടെ മറവില്‍ മണല്‍മാഫിയ ഇടിച്ചുനിരപ്പാക്കിയതായി പരാതി. കുന്നത്തൂര്‍ ആലും കടവിലാണ് സംഭവം.
മണല്‍വാരലും കടത്തും തടയുകയെന്ന ലക്ഷ്യത്തോടെ മാസങ്ങള്‍ക്ക്മുമ്പ് കുന്നത്തൂര്‍ ഗ്രാമപ്പഞ്ചായത്താണ് 30000 രൂപ ചിലവില്‍ കോണ്‍ക്രീറ്റ് വാള്‍ നിര്‍മ്മിച്ചത്. കടവിലേക്കുള്ള പാതയില്‍ വാഹനങ്ങള്‍ കടക്കാതിരിക്കാന്‍ മൂന്ന് കോണ്‍ക്രീറ്റ് വാളുകളാണ് നിര്‍മിച്ചിരുന്നത്. ഇതില്‍ ഒരെണ്ണം കഴിഞ്ഞ ഫെബ്രുവരി 22 ന് തകര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് ശാസ്താംകോട്ട പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കോണ്‍ക്രീറ്റ്‌വാളുകള്‍ സ്ഥാപിച്ചതോടെ ഇത് വഴിയുള്ള മണല്‍കടത്ത് ഭാഗികമായി നിലയ്ക്കുകയും മണല്‍മാഫിയ മറ്റ്മാര്‍ഗ്ഗങ്ങള്‍ തേടുകയുംചെയ്തിരുന്നു.
എന്നാല്‍ ആലുംകടവ് വഴിയുള്ള മണല്‍കടത്ത് നിലച്ചതോടെ വിറളിപൂണ്ട മണല്‍മാഫിയ ഏറെനാളായി ഇത് തകര്‍ക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. കല്ലടയാറ്റില്‍ കുന്നത്തൂര്‍ ഭാഗത്തുനിന്നും രാത്രികാലങ്ങളില്‍ വന്‍തോതില്‍ മണല്‍ കടത്തിയിരുന്നത് ആലുംകടവ് കേന്ദ്രീകരിച്ചായിരുന്നു. ഓരോ ലോഡിനും കണക്ക്പറഞ്ഞ് ദിവസപടിയും മാസപടിയും വാങ്ങിയിരുന്ന പോലിസിന്റെ ഒത്താശയും മണല്‍മാഫിയ തഴച്ചുവളരാനിടയാക്കി. എന്നാല്‍ എസ്‌ഐ ആയിരുന്ന ഷുക്കൂറിന്റെ ശക്തമായ ഇടപെടീലിനെ തുടര്‍ന്ന് അനധികൃത മണല്‍വാരല്‍ ചിലഘട്ടങ്ങളില്‍ നിലയ്ക്കുകയും ചെയ്തിരുന്നു.
മാത്രമല്ല കടവിലേക്കുള്ള പാതയില്‍ മണ്ണ്മാന്തിയെന്ത്രം ഉപയോഗിച്ച് കിടങ്ങുകള്‍ തീര്‍ക്കുകയുംചെയ്തിരുന്നു. എന്നാല്‍ ഈ കിടങ്ങുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മണ്ണിട്ട് നികത്തപ്പെട്ടു. പിന്നീടാണ് കുന്നത്തൂര്‍ പഞ്ചായത്ത് ഭരണസമിതി കോണ്‍ക്രീറ്റ് വാള്‍ പണിതത്. രാത്രിയുടെ മറവില്‍ നിരപ്പാക്കിയ കോണ്‍ക്രീറ്റ് വാളിന്റെ യാതൊരു ശേഷിപ്പുകളും അവശേഷിപ്പിക്കാതെയാണ് മണല്‍മാഫിയ പ്രവര്‍ത്തിച്ചത്. മണല്‍മാഫിയ നടത്തിയ ഇത്തരം പ്രവര്‍ത്തിക്കെതിരേ യാതൊരുവിധ നടപടിയും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. രാത്രിയുടെ മറവില്‍ കടവിലേക്കുള്ള കോണ്‍ക്രീറ്റ് വാള്‍തകര്‍ത്ത് മണല്‍ കടത്തുന്നത് തടയാന്‍ പോലിസ്, റവന്യൂ അധികൃതരും ശ്രദ്ധിക്കാത്തത് ഇവര്‍ക്ക് മണല്‍മാഫിയ നല്‍കി വരുന്ന മാസപ്പടിയാണ് കാരണമെന്ന ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it