Idukki local

മണപ്പാടി പാലത്തിനു വീതിയില്ല; അപകടഭീഷണിയും

മൂലമറ്റം: മണപ്പാടി പാലം വീതി കൂട്ടി നിര്‍മിക്കണമെന്ന ആവശ്യം ശക്തമായി. എറണാകുളം-തേക്കടി സംസ്ഥാന പാതയിലെ മണപ്പാടി പാലം നിര്‍മിച്ചിട്ട് അന്‍പത് വര്‍ഷം കഴിഞ്ഞു. ആദിവാസി മേഖലയായ ഇലപ്പള്ളി, കണ്ണിക്കല്‍, പുത്തേട്, കുമ്പംകാനം തുടങ്ങിയ പ്രദേശങ്ങളിലേക്കു പോകുന്നത് ഈ പാലം വഴിയാണ്. മൂന്നുങ്കവയല്‍, പുത്തേട്, കണ്ണിക്കല്‍ തുടങ്ങിയ റോഡുകള്‍ എത്തിച്ചേരുന്നതും മണപ്പാടി പാലത്തിലാണ്. വീതി കുറവാണ് ഈ പാലത്തിന്റെ ഏറ്റവും വലിയ പോരായ്മ.
പത്തടി വീതി മാത്രമെ ഈ പാലത്തിനുള്ളു, രണ്ടുവാഹനം ഒരുമിച്ചു പോകില്ല. അമ്പതു വര്‍ഷം മുമ്പ് ഇല്ലിപ്പാലമായിരുന്ന ഇവിടെ. പിന്നീട് അറക്കുളം പഞ്ചായത്തും ഇളംദേശം ബ്ലോക്കും ചേര്‍ന്നാണ് കോണ്‍ക്രീറ്റ് പാലം പണിയുന്നത്. അന്നത്തെ കാലത്തെ ഏറ്റവും വലിയ പാലമായിരുന്നു മണപ്പാടി പാലം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് പാലത്തിന്റെ കൈവരി തകര്‍ന്നുപോയിരുന്നു. പാലം അപകടത്തിലാണെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് പാലത്തിന് സമീപം രണ്ടു വര്‍ഷം മുമ്പ് ബോര്‍ഡ് വച്ചിരുന്നു. കൈവരികള്‍ പൊളിഞ്ഞ് കോണ്‍ക്രീറ്റുകള്‍ താഴേക്കു വീഴാന്‍ തുടങ്ങി. ഈ പാലവും റോഡും പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്ത് ചില മിനുക്കുപണികള്‍ നടത്തി.
ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്‍, കുമളി, തേക്കടി, കുരിശുമല, തങ്ങള്‍പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏളുപ്പ വഴിയാണ് മൂലമറ്റം - പുള്ളിക്കാനം റോഡ്. അതിനാല്‍ സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇലപ്പള്ളി വില്ലേജിലെ ആളുകള്‍ക്ക് ജില്ലാ ആസ്ഥാനവുമായും പുറംലോകവുമായും ബന്ധപ്പെടാനുള്ള ഏക ആശ്രയമാണ് ഈ പാലം. പാലം തകര്‍ന്നാല്‍ കാഞ്ഞാര്‍ ചുറ്റി വേണം മൂലമറ്റത്തെത്താന്‍. ഭാരം കയറ്റി വരുന്ന വാഹനങ്ങളും, നീളം കൂടിയ കെഎസ്ആര്‍ടി സി ബസും ഈ പാലം വഴി പോകില്ല. ഇപ്പോള്‍ കട്ട് ചെയ്‌സ് കെഎസ്ആര്‍ടിസി ബസാണ് ഇതുവഴി ട്രിപ്പ് നടത്തുന്നത്.
Next Story

RELATED STORIES

Share it