kannur local

മട്ടന്നൂരില്‍ മുട്ടുകുത്തിക്കാനുള്ള പോരാട്ടം

മട്ടന്നൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മുഖ്യവികസനമായി യുഡിഎഫ് അവതരിപ്പിച്ച കണ്ണൂര്‍ വിമാനത്താവളപ്രദേശം നില്‍ക്കുന്ന മട്ടന്നുര്‍ മണ്ഡലത്തിലെ പോരാട്ടം ഇക്കുറി പതിവിലും ആവേശമുണ്ട്. വിമാനത്താവളം ഉയര്‍ത്തിക്കാട്ടി യുഡിഎഫ് വോട്ട് ചോദിക്കുമ്പോള്‍ ഉദ്ഘാടന മാമാങ്കത്തിനു പിന്നിലെ പൊള്ളത്തരങ്ങളും അഴിമതിയും സോളാറുമെല്ലാം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം. മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ കോടികളും വികസന പ്രവര്‍ത്തനങ്ങളും സിറ്റിങ് എംഎല്‍എ ഇ പി ജയരാജനു കൂട്ടുണ്ട്. എന്നാല്‍ വിമാനത്താവള പരീക്ഷണ പറക്കല്‍ ചടങ്ങ് ബഹിഷ്‌കരിച്ച ഇ പി ജയരാജനെയും എല്‍ഡിഎഫിനെയും വികസനവിരുദ്ധരെന്നു മുദ്രകുത്തി പരാജയപ്പെടുത്തുാനാണ് യുഡിഎഫിന്റെ ശ്രമം. 2011ല്‍ പുതുതായി രൂപീകരിച്ച മുതല്‍ മട്ടന്നൂര്‍ ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമാണു നല്‍കുന്നത്.
എല്ലാ പഞ്ചായത്തുകളും മട്ടന്നുര്‍ നഗരസഭയും ഭരിക്കുന്നത് ഇടതുപക്ഷം തന്നെ. 2011ല്‍ ഇ പി ജയരാജന്‍ 30000ലേറെ വോട്ടുകള്‍ക്കാണ് ജനതാദളിലെ ജോസഫ് ചാവറയെ പരാജയപ്പെടുത്തിയത്. യുഡിഎഫ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് യുവ ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ പി പ്രശാന്തിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. യുവാക്കളുടെ വോട്ട് ലക്ഷ്യമാക്കിയാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 15000ല്‍ താഴെയായതിന്റെ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. ഇടതുവലതു മുന്നണികള്‍ക്കും ബിജെപിക്കുമെതിരേ ശക്തമായ മല്‍സരത്തിനു കാതോര്‍ത്താണ് എസ്ഡിപിഐ പ്രചാരണം ശക്തമാക്കിയിട്ടുള്ളത്. റഫീഖ് കീച്ചേരിയാണ് ടെലിവിഷന്‍ അടയാളത്തില്‍ ജനവിധി തേടുന്നത്. പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സേവന രംഗത്തെ നിറസാന്നിധ്യമായ റഫീഖ് കീച്ചേരി ബൂത്തുതല പ്രചാരണങ്ങള്‍ തുടരുകയാണ്. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുറപ്പിക്കുന്ന ഇദ്ദേഹം ഏറെ ശുഭാപ്തി വിശ്വാസത്തിലാണ്.
കഴിഞ്ഞ തവണ 7000ഓളം വോട്ടുകള്‍ നേടിയ ബിജെപിയും ഇക്കുറി യുവനേതാവിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. യുവമോര്‍ച്ച നേതാവായ ബിജു എളക്കുഴിയാണ് താമര ചിഹ്‌നത്തില്‍ മല്‍സരിക്കുന്നത്. പത്രിക നല്‍കി പ്രചാരണവും നടത്തുന്നുണ്ട്. ദേശീയതലത്തില്‍ മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുള്ള എസ്ഡിപിഐ ബദല്‍ മുന്നണിക്കു വേണ്ടിയുള്ള അക്ഷീണപ്രയത്‌നത്തിലാണ്.
Next Story

RELATED STORIES

Share it