Kerala

മട്ടന്നൂരില്‍ മതിലിടിഞ്ഞുവീണ് മാതാവും പിഞ്ചുകുഞ്ഞും മരിച്ചു

മട്ടന്നൂര്‍: മതിലിടിഞ്ഞുവീണു മാതാവും പിഞ്ചുകുഞ്ഞും മരിച്ചു. മൂന്നു വീടുകള്‍ക്കു കേടുപാടു പറ്റി. ശിവപുരത്തെ നൗഫലിന്റെ ഭാര്യ ചാവശ്ശേരി പറമ്പ് ലക്ഷംവീട്ടില്‍ സി കെ ആബിദ (21), മകള്‍ ഫാത്തിമത്ത് നിസ്‌വ (ഒന്നര) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകീട്ട് 3.30ഓടെ ചാവശ്ശേരി പറമ്പിലാണ് അപകടം.
വീടിന്റെ അടുക്കളഭാഗത്തുനിന്നു പാത്രം കഴുകുന്നതിനിടെ ചെങ്കല്‍മതില്‍ തകര്‍ന്ന് ആബിദയുടെയും മകളുടെയും ദേഹത്തു പതിക്കുകയായിരുന്നു. അടുക്കളയും കുളിമുറിയും തകര്‍ന്നു. കല്ലുകള്‍ക്കും കോണ്‍ക്രീറ്റ് ബെല്‍റ്റിനും ഇടയില്‍ കുടുങ്ങിയ ഇരുവരെയും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണപ്പെട്ടിരുന്നു. തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമ മണ്ണിട്ടുയര്‍ത്തി നിര്‍മിച്ച രണ്ടുമീറ്റര്‍ ഉയരമുള്ള മതിലാണ് തകര്‍ന്നത്.
ബെന്നി, സാറു എന്നിവരുടെ വീടുകള്‍ക്കും കേടുപറ്റിയിട്ടുണ്ട്. അസീസ്-ഫൗസി ദമ്പതികളുടെ മകളാണ് മരിച്ച ആബിദ. സഹോദരങ്ങള്‍: ആരിഫ, ഫാരിസ്, ഹാരിസ്. അപകടസ്ഥലം പി കെ ശ്രീമതി എംപി സന്ദര്‍ശിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ അനുശോചിച്ചു.
Next Story

RELATED STORIES

Share it