മഞ്‌ജേഷിന്റെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: കാസര്‍കോട് ഉദുമ പഞ്ചായത്ത് മുതിയക്കാലിനടുത്ത് കുതിരക്കോടത്ത് സുരേഷിന്റെയും ആശയുടെയും മകന്‍ മഞ്‌ജേഷിന്റെ ദുരൂഹമരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കും. വയനാട്ടിലെ വൈത്തിരി വില്ലേജ് ലക്ഷ്വറി സ്പാ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്ന മഞ്‌ജേഷിനെ കഴിഞ്ഞ ജൂലൈ 18നാണ് റിസോര്‍ട്ടിലെ മഴവെള്ള സംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് അധികൃതരും പോലിസും മഞ്‌ജേഷ് ആത്മഹത്യ ചെയ്തതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു മഞ്‌ജേഷിന്റ മാതാവ് ആശ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മഞ്‌ജേഷ് മരിച്ചതിന്റെ പിറ്റേന്ന് തന്നെ റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ലീവെടുത്ത് നാട്ടില്‍ പോയതിലും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ആന്തരികമായി പരിക്കുകള്‍ ഉണ്ടെന്നതും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ജനകീയ നീതിവേദി എറണാകുളം ജില്ലാ സെക്രട്ടറിയുമായ അഡ്വ. കെ പി രാമചന്ദ്രന്‍ പറഞ്ഞു. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി മാതാപിതാക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി, ഡിഐജി എന്നിവര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസന്വേഷണം വയനാട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പ്രഭാകരനെ ഏല്‍പ്പിച്ചു. എന്നാല്‍, ഡിവൈഎസ്പി പ്രഭാകരന്‍ റിസോര്‍ട്ട് അധികൃതരെ സംരക്ഷിക്കുന്ന തരത്തില്‍ മഞ്‌ജേഷിന്റെ കുടുംബത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയാണ് സംസാരിച്ചത്. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ജനങ്ങള്‍ ഒപ്പുവച്ച മെമ്മോറാണ്ടം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു നല്‍കി.
എന്നാല്‍, ഇതുവരെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ആശ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മഞ്‌ജേഷിന്റെ പിതാവ് സുരേഷ്, കേരള ജേണലിസ്റ്റ് യൂനിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ടി ജി ഗീതുറൈം, ജനകീയ നീതിവേദി കാസര്‍കോട് ജില്ലാ സെക്രട്ടറി വിജയലക്ഷ്മി കടമ്പന്‍ചാല്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it