kasaragod local

മഞ്ചേശ്വരത്ത് ചെര്‍ക്കളത്തിന് കൂടിയ ഭൂരിപക്ഷം 2001ല്‍; കുറവ് 1991ല്‍

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനുള്ള മോഹവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മാറ്റുരച്ച മഞ്ചേശ്വരം എന്നും ജനാധിപത്യചേരിക്കൊപ്പം. 1991ല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കെ ജി മാരാറും യുഡിഎഫിലെ ചെര്‍ക്കളം അബ്ദുല്ലയും ഏറ്റുമുട്ടിയപ്പോള്‍ 1000ല്‍ പരം വോട്ടുകള്‍ക്കാണ് അന്ന് ചെര്‍ക്കളം വിജയിച്ചത്. ചെര്‍ക്കളത്തിന് 29,603 വോട്ടും കെ ജി മാരാര്‍ക്ക് 28,531 വോട്ടും എല്‍ഡിഎഫിലെ ബി എം രാമയ്യ ഷെട്ടിക്ക് 24,678 വോട്ടുകളുമാണ് ലഭിച്ചത്.
എന്നാല്‍ 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് സി കെ പത്മനാഭനെ 13,000ത്തില്‍പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ചെര്‍ക്കളത്തിന് 47,494 വോട്ടുകളും സി കെ പത്മനാഭന് 34,306 വോട്ടുകളും സിപിഎമ്മിലെ എം രാമണ്ണ റൈക്ക് 23,201 വോട്ടുകളുമാണ് ലഭിച്ചത്. 1996ല്‍ ചെര്‍ക്കളം രക്ഷപ്പെട്ടത് രണ്ടായിരത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു.
ചെര്‍ക്കളത്തിന് 34,705, ബിജെപിയിലെ ബാലകൃഷ്ണ ഷെട്ടിക്ക് 32,413, സിപിഎമ്മിലെ എം രാമണ്ണ റൈക്ക് 22,600 വോട്ടുകളുമാണ് അന്ന് ലഭിച്ചത്. 1987ല്‍ ചെര്‍ക്കളം ആറായിരത്തില്‍പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 33,583 വോട്ടുകളും ബിജെപിയിലെ എ ശങ്കര ആള്‍വയ്ക്ക് 27,017 വോട്ടുകളും സിപിഐയിലെ എ സുബ്ബറാവുവിന് 19,924 വോട്ടുകളും ലഭിച്ചു.1980ലെ ആദ്യ അങ്കത്തില്‍ മഞ്ചേശ്വരത്ത് ചെര്‍ക്കളം അബ്ദുല്ല സിപിഐ ഡോ. എ സുബ്ബറാവുവിനോട് 145 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എന്നാല്‍ 1982ല്‍ ഡോ.എ സുബ്ബറാവു കോണ്‍ഗ്രസിലെ എന്‍ രാമകൃഷ്ണനോട് 163 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ ശങ്കര ആള്‍വ മൂന്നാംസ്ഥാനത്തായിരുന്നു. 1980ല്‍ കോണ്‍ഗ്രസിലെ ഐ രാമറൈ റിബലായി മല്‍സരിച്ച് 10,000 വോട്ടുകള്‍ നേടിയതാണ് യുഡിഎഫിന് തിരിച്ചടിയായത്. 2006ല്‍ ആറായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ചെര്‍ക്കളം പരാജയപ്പെട്ടത്. സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു 39,242, ബിജെപിയിലെ എം നാരായണ ഭട്ട് 34413, ചെര്‍ക്കളം 34,113 വോട്ടുകളുമാണ് ലഭിച്ചത്. 2011ല്‍ ഈ മണ്ഡലം ലീഗിലെ പി ബി അബ്ദുര്‍ റസാഖ് തിരിച്ചുപിടിച്ചു.
Next Story

RELATED STORIES

Share it