malappuram local

മഞ്ചേരി എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കി

ഇ ഫൈസല്‍

മഞ്ചേരി: കാംപസില്‍ കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിന് അനുമതി നല്‍കിയതിന് കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കി. മഞ്ചേരി എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രദീപിനെയാണ് പുറത്താക്കിയത്.
കാംപസില്‍ കലാ-കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതായി ആരോപിച്ചാണ് പ്രിന്‍സിപ്പലിനെതിരേ നടപടി. പ്രിന്‍സിപ്പല്‍ പദവിയില്‍ തുടരേണ്ടതില്ലെന്നും പ്രിന്‍സപ്പലിന്റെ പദവിയിലുള്ള പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ സ്വയം വിരമിച്ച് പോവണമെന്നുമാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം മറ്റ് കോളജുകളില്‍ സാധാരണ അധ്യാപകനായി ജോലിനോക്കാമെന്നും പ്രിന്‍സിപ്പലിന് നല്‍കിയ കത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച കത്ത് കഴിഞ്ഞദിവസമാണ് പ്രദീപ് കൈപറ്റിയത്. മതേതര സംഘടനകളുടെ പരിപാടികള്‍ക്ക് കാംപസില്‍ വേദി ഒരുക്കി നല്‍കിയെന്നും പ്രിന്‍സപ്പലിന്റെ കഴിവില്ലാഴ്മ കാംപസില്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് വളംവച്ചു നല്‍കുന്നതായും ആരോപണമുണ്ട്. അടുത്തവര്‍ഷം വിരമിക്കാനാരിക്കുന്ന പ്രിന്‍സിപ്പലിനെതിരെയുള്ള മാനേജ്‌മെന്റിന്റെ ധിക്കാരപരമായ നടപടിക്കെതിരേ പ്രതിഷേധം ശക്തമായി.
22 നാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥയ്ക്ക് മഞ്ചേരി എന്‍എസ്എസില്‍ സ്വീകരണം നല്‍കിയത്. മാനേജ്‌മെന്റിന്റെ വിലക്ക് ലംഘിച്ചായിരുന്നു കോളജ് യൂനിയന്റെ നേതൃത്വത്തില്‍ ശാസ്ത്രകലാജാഥയ്ക്ക് സ്വീകരണം നല്‍കിയത്. വിദ്യാര്‍ഥികളുടെ ആവശ്യപ്പെട്ടതനുസരിച്ച് ജാഥാസ്വീകരണത്തിന് ആഴ്ച്ചകള്‍ക്ക് മുമ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ജാഥാസംഘം കാംപസില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് അനുമതിനിഷേധിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കി.
മാനേജ്‌മെന്റിന്റെ സമ്മര്‍ദത്തിന് വഴങ്ങിയായിരുന്നു ഇത്. മുന്‍കൂട്ടി അനുമതി വാങ്ങിയ പരിപാടി ഒഴിവാക്കാനാവില്ലെന്ന് ആരോപിച്ച വിദ്യാര്‍ഥികള്‍ വിലക്ക് ലംഘിച്ച് പരിപാടി നടത്തുകയായിരുന്നു.
പോലിസ് എത്തി തടയാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ വഴങ്ങിയില്ല.
പ്രിന്‍സിപ്പലിന്റെ കഴിവുകേടുമൂലമാണ് പുറത്തുനിന്നുള്ള കലാജാഥസംഘം കാംപസില്‍ പ്രവേശിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ വാദം. പ്രിന്‍സിപ്പലിനെതിരേ നൂറുക്കിന് ഊമകത്തുകളാണ് മാനേജ്‌മെന്റിന് ലഭിച്ചത്. ഇടതുപക്ഷ സംഘടനകള്‍ക്ക് സൗകര്യം ചെയ്തു നല്‍കുന്നതായും ഊമകത്തിലുണ്ട്.
Next Story

RELATED STORIES

Share it