മഞ്ചേരിയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു; കോടികളുടെ നഷ്ടം

മഞ്ചേരി: തിങ്കളാഴ്ച്ച പുലര്‍ച്ചെ മഞ്ചേരിയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു. സി എച്ച് ബൈപാസ് റോഡിലെ മജോക് എലൈറ്റ് ഫര്‍ണിച്ചറാണ് അഗ്നിക്കിരയായത്. രണ്ടര കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കടയിലുണ്ടായിരുന്ന മോള്‍ഡഡ് ഫര്‍ണിച്ചറുകള്‍, തേക്ക്, റബ്‌വുഡ് എന്നിവയില്‍ നിര്‍മിച്ച അലമാരകള്‍, കട്ടിലുകള്‍, മേശകള്‍, കസേരകള്‍, ദിവാന്‍ കോട്ടുകള്‍, കിടക്കകള്‍, ആഡംബര സോഫകള്‍ തുടങ്ങിയവയാണു കത്തിയമര്‍ന്നത്. മൂന്നുനില കെട്ടിടത്തില്‍ രണ്ടു നിലയും ഫര്‍ണിച്ചറുകളായിരുന്നു. ഇവ പൂര്‍ണമായി കത്തിനശിച്ചു. വിദേശനിര്‍മിത ഫര്‍ണിച്ചറുകളും കത്തിയവയില്‍ പെടും. ഓഫിസും കംപ്യുട്ടറുകളും രേഖകളും കത്തിച്ചാമ്പലായി. ഇരുമ്പു കൊണ്ടുണ്ടാക്കിയ ഫര്‍ണിച്ചറുകള്‍ പോലും തീയില്‍ ഉരുകിയൊലിച്ചു. തീയുടെ ശക്തിയില്‍ കെട്ടിടത്തിന്റെ ചുവരുകളും കോണ്‍ക്രീറ്റ് തുണുകളും തകര്‍ന്നിട്ടുണ്ട്.
മുന്നാം നിലയില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാരനായ ഡെല്‍വിന്‍ ആണ് 2.50ഓടെ തീ ആദ്യം കണ്ടത്. ഉറക്കത്തിനിടയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഡെല്‍വിന്‍ പെട്ടെന്ന് മെയിന്‍സ്വിച്ച് ഓഫ് ചെയ്ത് കോണിയിലൂടെ പുറത്തേക്കോടുകയായിരുന്നു. തുടര്‍ന്ന് ഉടമ മുള്ളമ്പാറ കെ എന്‍ അബ്ദുല്‍ മജീദിനെ വിവരമറിയിച്ചു. ഈ സമയം രണ്ടു നിലകള്‍ പൂര്‍ണമായും തീ വിഴുങ്ങിയിരുന്നു.മുന്നാം നിലയിലേക്ക് തീ പടര്‍ന്നതോടെയാണ് ജീവനക്കാരന്‍ വിവരമറിഞ്ഞത്.
3.15ഓടെ മലപ്പുറത്തു നിന്നാണ് ആദ്യയൂനിറ്റ് അഗ്നിശമനസേന എത്തിയത്. പിന്നീട് പെരിന്തല്‍മണ്ണ, തിരൂര്‍, മീഞ്ചന്ത, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 10 യൂനിറ്റുകളെത്തിയാണ് അഞ്ചുമണിയോടെ തീയണയ്ക്കാനായത്.
മലപ്പുറം അസിസ്റ്റന്റ് ഡിവിഷനല്‍ ഓഫിസര്‍ അഷ്‌റഫ് അലി, സ്റ്റേഷന്‍ ഓഫിസര്‍ സി ബാബുരാജ്, മൂസ വടക്കേതില്‍, വി ടി ഉമര്‍ എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്. നാട്ടുകാരും പോലിസും അഗ്നിശമനസേനയ്‌ക്കൊപ്പം ചേര്‍ന്നതോടെയാണ് പിന്‍വശത്തുള്ള വീടുകളിലേക്കും സമീപത്തു നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ്സുകളിലേക്കും തീ പടരാതെ രക്ഷപ്പെടുത്താനായത്.
Next Story

RELATED STORIES

Share it