മങ്ങാട്ടുമുറി സ്‌കൂള്‍ ഇനി മദ്‌റസയില്‍; രേഖകളുമായി പ്രധാനാധ്യാപകന്‍ ഇന്ന് കോടതിയില്‍ ഹാജരാവും

കൊണ്ടോട്ടി: ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്‌കൂളിന്റെ പ്രവര്‍ത്തനം സമീപത്തെ ഇഹ്‌യാഉല്‍ ഉലൂം മദ്‌റസയിലേക്കു മാറ്റി. കോടതി നിര്‍ദേശത്തില്‍ അടച്ചുപൂട്ടിയ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെയാണ് സമീപത്തെ മദ്‌റസയിലേക്കു മാറ്റിയത്. സ്‌കൂള്‍ ഇന്നലെ മുതല്‍ മദ്‌റസ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കഴിഞ്ഞ ദിവസം പിടിഎ യോഗത്തില്‍ സര്‍ക്കാര്‍ സ്വന്തം കെട്ടിടം പണിയുന്നതു വരെ സ്‌കൂള്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അസൗകര്യം കണക്കിലെടുത്ത് ഇതുപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ടി വി ഇബ്രാഹീം എംഎല്‍എ, തഹസി ല്‍ദാര്‍ വി പി അബ്ദുറഹിമാന്‍, ഡിഡിഇ സഫറുല്ല, എഇഒ കെ ആഷിഷ്, പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദു ല്‍ വഹാബ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധിച്ചശേഷമാണ് മദ്‌റസയിലേക്ക് സ്‌കൂള്‍ മാറ്റാന്‍ തീരുമാനിച്ചത്. ഒന്നുമുതല്‍ 4 വരെയായി 68 കുട്ടികളും 5 അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഇരുനിലകളില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയി ല്‍ ഒരുക്കിയിട്ടുണ്ട്. ലാഭകരമല്ലെന്നു പറഞ്ഞ് സ്‌കൂള്‍ മാനേജരുടെ പരാതി ശരിവച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്. ഇതിനിടെ രേഖകളുമായി ഇന്ന് പ്രധാനാധ്യാപകന്‍ ഹൈക്കോടതിയില്‍ ഹാജരാവും. കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ ആശിഷ് കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂളി ല്‍ നിന്നു ലഭിച്ച രേഖകളും അടച്ചുപൂട്ടിയതിന്റെ റിപോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പ്രതിഷേധം മൂലം മുഴുവന്‍ രേഖകളും ലഭിച്ചിരുന്നില്ല. അഡ്മിഷന്‍ രജിസ്റ്റര്‍, അധ്യാപകരുടെ സര്‍വീസ് ബുക്ക്, ബി ല്‍ ബുക്ക് തുടങ്ങിയ രേഖകളൊന്നും എഇഒക്ക് ഹാജരാക്കാനായിരുന്നില്ല. ഈ രേഖകളുമായി പ്രധാനാധ്യാപകന്‍ ഇന്ന് കോടതിയില്‍ ഹാജരാവും.
Next Story

RELATED STORIES

Share it