kozhikode local

മങ്കയം കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

ബാലുശ്ശേരി: കിനാലൂര്‍ മങ്കയത്തില്‍ കൊലചെയ്യപ്പെട്ട നരിക്കുനി കല്‍കുടുംബില്‍ സ്വദേശി പിലാത്തോട്ടത്തില്‍ രാജനെ(44) തലയ്ക്കടിച്ച് ബോധംകെടുത്തി മുഖത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ നാലംഗ കൊലയാളി സംഘത്തെ ബാലുശ്ശേരി പോലിസ് അറസ്റ്റു ചെയ്തു.
ഒന്നാം പ്രതിയും രാജന്റെ ജ്യേഷ്ഠന്‍ നല്ലമ്പിരയുടെ മകന്‍ അരീക്കല്‍ മീത്തല്‍ ലിബിന്‍ (27), രണ്ടാം പ്രതി പിലാത്തോട്ടത്തില്‍ പുറായില്‍ വിജയന്റെ മകന്‍ വിപിന്‍(കുഞ്ഞിമോന്‍ 27), മൂന്നാംപ്രതി കിഴക്കെ കുറുമ്പോളില്‍ ചന്ദ്രന്റെ മകന്‍ സദാനന്ദന്‍(ആനന്ദന്‍ 43), കൊലചെയ്യപ്പെട്ട രാജന്റെ ഭാര്യ നരിക്കുനി കാരുകുളങ്ങര സ്വദേശിനി ഷീബ(31) എന്നിവരാണ് പിടിയിലായത്.
രാജന്റെ ഭാര്യയെ സ്വന്തമാക്കാന്‍ സഹോദരപുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലിസ് പറഞ്ഞു. രാജന്റെ ഭാര്യക്കും കൊലപാതകത്തില്‍ പങ്കുണ്ട്. കൊലപാതകത്തെ കുറിച്ച് രാജന്റെ ഭാര്യ ഷീബയ്ക്ക് അറിയാമായിരുന്നിട്ടും മനപ്പൂര്‍വ്വം ഇത് മറച്ചുവച്ച് പോലിസിനെ കബളിപ്പിക്കുകയായിരുന്നു.
രാജന്‍ സഹോദരപുത്രനും സുഹൃത്തുക്കള്‍ക്കുമൊപ്പം കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയം മരുതിന്‍ചുവട്ടില്‍ വച്ച് മദ്യപിച്ചുകൊണ്ടിരിക്കെ ഒന്നാംപ്രതി ലിബിന്‍ കനമുള്ള ഹാമര്‍കൊണ്ട് തലയ്ക്ക് പിറകില്‍ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ രാജന്റെ മുഖത്ത് മുളക് പൊടി വിതറി. രക്തതുള്ളികള്‍ തെറിച്ചു വീണിടത്തും മറ്റും മുളകുപൊടി വിതറി.
പരിക്കേറ്റ രാജനെ തൊട്ടടുത്ത് നിടുംപാറച്ചാലില്‍ ആള്‍താമസം കുറഞ്ഞ റബ്ബര്‍ എസ്റ്റേറ്റില്‍ എത്തിച്ചു. രാജനെ ആശുപത്രിയിലേക്കു കൊണ്ടുപോവാനെന്ന വ്യാജേന കൂട്ടികൊണ്ടുപോയി ജീവനോടെ കത്തിക്കുകയായിരുന്നു. രാജന്റെ സഹോദരപുത്രനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഭാര്യ ഷീബ കൊലയ്ക്കു കൂട്ടുനിന്നത്. മൃതദേഹം ആരുടേതാണെന്നറിയാതെ കുടുങ്ങിയ പോലിസിന് തുമ്പ് ലഭിച്ചത് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ്. പ്രദേശവാസികള്‍ നല്‍കിയ തെളിവുകളും നിര്‍ണായകമായിരുന്നെന്ന് പോലിസ് പറഞ്ഞു. പ്രദേശത്ത് കണ്ട കാറിനെ ചുറ്റിപ്പറ്റിയും പോലിസ് അന്വേഷണം നടത്തി. കാറ് ഒന്നാംപ്രതി ലിബിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലിസ് കണ്ടെത്തിയിരുന്നു.
സംഭവസ്ഥലത്ത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ സംഭവസമയത്ത് എത്തിയ മൊബൈല്‍ നമ്പറുകളിലൊന്ന് രാജന്റേതായിരുന്നു- പോലിസ് പറയുന്നു.
കൊല്ലപ്പെട്ടത് തന്റെ ഇളയച്ഛനാണെന്ന് അറിയാതിരിക്കാന്‍ വേണ്ടിയാണ് മുഖം കരിച്ച് മുഴുവന്‍ തെളിവും നശിപ്പിച്ചും കൊലചെയ്തതെന്ന് ലിബിന്‍ മൊഴിനല്‍കി. രാജന്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നതായും ഷീബയെ മര്‍ദ്ദിക്കുന്നതും പതിവാണെന്ന് ഷീബ പറയുന്നു.
കഴിഞ്ഞ 21നാണ് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ആദ്യം മൂന്ന് ഘട്ടങ്ങളിലൂടെ അന്വേഷണമാരംഭിച്ച പോലിസിന് ആളെ തിരിച്ചറിയാന്‍ രണ്ടാഴ്ചയിലധികം വേണ്ടിവന്നു. 31ന് വൈകീട്ടാണ് കൊല്ലപ്പെട്ടത് നരിക്കുനി സ്വദേശി രാജന്‍ തന്നെയാണെന്ന് തെളിഞ്ഞത്. 11 വര്‍ഷത്തോളമായി ഷീബയുടേയും രാജന്റെയും വിവാഹം കഴിഞ്ഞിട്ട്. എറണാകുളത്ത് അമൃതാനന്ദമയി ആശ്രമത്തില്‍ വച്ച് നടന്ന സമൂഹവിവാഹത്തിലാണ് ഇരുവരും വിവാഹിതരായത്. രാജന്റെ മക്കള്‍: ഗംഗ, അലന്‍.
Next Story

RELATED STORIES

Share it