മങ്കടയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു

മങ്കട: മങ്കട ഗവ. ഹൈസ്‌കൂളിന്റെ പഴയ കെട്ടിടം തകര്‍ന്ന് വീണു. അവധി ദിവസമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ആവശ്യാര്‍ഥം കീറിയ ഓവുചാലുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണമാണ് പഴയ കെട്ടിടത്തിന്റെ ഒരുഭാഗം നിലം പതിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ കെട്ടിടത്തില്‍ താല്‍ക്കാലികമായി നാല് ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണമുള്ള ശോച്യാവസ്ഥ പരിഹരിക്കുന്നതിനെ സംബന്ധിച്ചുള്ള പരിശോധനകള്‍ ഈ വര്‍ഷം നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പുതിയതും പഴയതുമായ കെട്ടിടങ്ങളിലായി ആയിരക്കണക്കിന് കുട്ടികളാണ് ഒരേ സമയം പഠനം നടത്തിയിരുന്നത്. ക്ലാസ് സമയത്താണ് കെട്ടിടം തകര്‍ന്നു വീണതെങ്കില്‍ ഒരു വന്‍ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. കോടികള്‍ ചെലവഴിച്ച് പുതിയ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇതിലെ അഴിമതി അന്വേഷിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്നലെ അടിയന്തര പിടിഎ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിന് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it