മങ്കടയില്‍ യുവാവ് മര്‍ദ്ദനമേറ്റു മരിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മര്‍ദ്ദനമേറ്റ് മങ്കട കൂട്ടില്‍ പള്ളിപ്പടിയിലെ കുന്നശ്ശേരി നസീര്‍ ഹുസയ്ന്‍ (41) കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രതികളായ മങ്കട കൂട്ടില്‍ സ്വദേശികളായ നായിക്കുത്ത് അബ്ദുല്‍ നാസര്‍(36), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍(48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ്(30), നായിക്കുത്ത് ഷറഫുദ്ദീന്‍(29) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി ടി ബാലന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുണ്ടായിരുന്നവരെയും അയല്‍വാസികളെയും ചോദ്യംചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ആക്രമസംഭവത്തിലുള്‍പ്പെട്ട ചിലര്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇവരെ മുഴുവനും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പ്രദേശത്തെ ഒരു പ്രവാസിയുടെ വീട്ടില്‍ നിന്ന് നാസറിനെ ഒരു സംഘം ആളുകള്‍ പിടികൂടിയത്. തുടര്‍ന്ന് വടികൊണ്ട് അടിച്ചും ചവിട്ടിയും കുത്തിയും ബോധം പോവുംവരെ മര്‍ദ്ദിച്ച സംഘം മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ബന്ധുക്കളെ അനുവദിച്ചത്.
പ്രവാസിയുടെ ബന്ധുക്കളടക്കമുള്ളവര്‍ നിരീക്ഷണത്തിലാണെന്ന് പോലിസ് പറഞ്ഞു. വിവിരമറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ നസീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതികള്‍ ഭീഷണിപ്പെടുത്തി തടയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നസീറിന്റെ സഹോദരന്‍ മുഹമ്മദ് നവാസും മറ്റും ചേര്‍ന്ന് നസീറിനെ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുഹമ്മദ് നവാസ് ആണ് മങ്കട പോലിസില്‍ പരാതി നല്‍കിയത്. നസീര്‍ കൊല്ലപ്പെട്ട വീട്ടിലെ സ്ത്രീയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളടക്കം നിരവധി പേരെ പെരിന്തല്‍മണ്ണ സിഐ എ എം സിദീഖിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും സിഐ അറിയിച്ചു.
മങ്കട എസ്‌ഐ എ എം സഫീര്‍, അന്വേഷണ ഉദ്യോഗസ്ഥരായ എഎസ്‌ഐ പി മോഹനദാസ്, പി എന്‍ മോഹനകൃഷ്ണന്‍, സി പി മുരളി, എന്‍ ടി കുഷ്ണകുമാര്‍, രത്‌നാകരന്‍, കെ സുകുമാരന്‍, സന്തോഷ്, സമാദ്, രാകേഷ് ചന്ദന്‍, വിദ്യാധരന്‍, അഷ്‌റഫ് കൂട്ടില്‍ ദിനേശന്‍, ബി സന്ദീപ് ക്രിസ്റ്റ്യന്‍ ആന്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തിനു സാക്ഷികളായിട്ടുള്ളവര്‍ ഭയംമൂലം പ്രതികരിക്കാതിരുന്നതായും പോലിസില്‍ സാക്ഷിപറയാന്‍ ഭയക്കുന്നതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it