മക്കുല്ലം കളി മതിയാക്കുന്നു

വെല്ലിങ്ടണ്‍: ലോക ക്രിക്കറ്റില്‍ തീപ്പൊരി ബാറ്റിങ്ങിലൂടെ ആരാധകരുടെ മനംകവര്‍ന്ന ന്യൂസിലന്‍ഡ് സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലം കളി മതിയാക്കാന്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുമെന്ന് കിവീസ് ക്യാപ്റ്റന്‍ ഇന്നലെ പ്രഖ്യാപിച്ചു. ആസ്‌ത്രേലിയക്കെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം പാഡഴിക്കാനാണ് 34 കാരനായ മക്കുല്ലത്തിന്റെ തീരുമാനം. ഇതോടെ മാര്‍ച്ചില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മക്കുല്ലത്തിന്റെ ബാറ്റിങ് വെട്ടിക്കെട്ടുണ്ടാവില്ല.
254 ഏകദിനങ്ങളില്‍ നിന്ന് അഞ്ചു സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമടക്കം 5999 റണ്‍സ് താരത്തിന്റെ പേരിലുണ്ട്. ട്വന്റിയില്‍ രണ്ടു സെഞ്ച്വറികള്‍ നേടിയ ഏക താരം കൂടിയാണ് മക്കുല്ലം. ട്വന്റിയിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വ്യക്തിഗ സ്‌കോര്‍ താരത്തിന്റെ പേരിലാണ്. ഐപിഎല്ലിലാണ് പുറത്താവാതെ 158 റണ്‍സെടുത്ത് മക്കുല്ലം ചരിത്രം കുറിച്ചത്.
ന്യൂസിലന്‍ഡിനായി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് മക്കുല്ലം. 99 ടെസ്റ്റുകളില്‍ നിന്ന് 11 സെഞ്ച്വറികളടക്കം 6273 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
ദേശീയ ടീമിനുവേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് മക്കുല്ലം പറഞ്ഞു. ഏറെ ഇഷ്ടത്തോടെയാണ് ഞാന്‍ കിവീസിന്റെ ജഴ്‌സിയണിഞ്ഞത്. ഇപ്പോള്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും അവസാനമായിരിക്കുന്നു. മനോഹരമായ അനുഭവങ്ങള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു- ഇന്നലെ വിരമിക്കല്‍ പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ താരം മനസ്സ്തുറന്നു.
ഫെബ്രുവരിയിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കാനായിരുന്നു ഞാന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്വന്റി ലോകകപ്പ് ടീമിനെ പരമ്പരയ്ക്കു ശേഷം പ്രഖ്യാപിക്കും. അതിലേക്ക് എന്നെ പരിഗണിക്കാതിരിക്കാനാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്- മക്കുല്ലം കൂട്ടിച്ചേര്‍ത്തു. മക്കുല്ലത്തിന്റെ അഭാവത്തില്‍ മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി ലോകകപ്പില്‍ കെയ്ന്‍ വില്യംസണായിരിക്കും ടീമിനെ നയിക്കുക.
2004ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലൂടെ അരങ്ങേറിയ മക്കുല്ലം 2013ല്‍ മുഴുവന്‍ ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ക്യാപ്റ്റനായി. 2016 ഫെബ്രുവരി 12നു വെല്ലിങ്ടണില്‍ ആസ്‌ത്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ കളിക്കുന്നതോടെ തുടര്‍ച്ചയായി 100 ടെസ്റ്റുകളില്‍ പാഡണിഞ്ഞ താരമെന്ന റെക്കോഡിന് മക്കുല്ലം അര്‍ഹനാവും.
ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യ ന്യൂസിലന്‍ഡ് താരം കൂടിയാണ് മക്കുല്ലം. 2014ല്‍ ഇന്ത്യക്കെതിരേയായിരുന്നു താരത്തിന്റെ (302) റെക്കോഡ് പ്രകടനം. ഏകദിന ലോകകപ്പില്‍ ടീമിനെ ആദ്യമായി ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് മക്കുല്ലം. ഈ വര്‍ഷമാദ്യം നടന്ന ലോകകപ്പിലാണ് താരം ടീമിനു കലാശക്കളിക്കു യോഗ്യത നേടിക്കൊടുത്തത്. ഫൈനലില്‍ കിവീസ് ആസ്‌ത്രേലിയയോട് തോല്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it