മക്കള്‍ സംരക്ഷിക്കാത്ത വൃദ്ധയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് മക്കള്‍ സംരക്ഷിക്കാത്തതിനെത്തുടര്‍ന്ന് ശരണാലയത്തിലെത്തിയ വൃദ്ധ സുധാദേവി മരണപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി, ഡിജിപി, സോഷ്യല്‍ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍, ഗവര്‍ണര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മാതാവ് മരിച്ച വാര്‍ത്തയറിഞ്ഞിട്ടും സമൂഹത്തില്‍ ഉന്നതസ്ഥാനത്തിരിക്കുന്ന മക്കള്‍ സംസ്‌കാരച്ചടങ്ങിന് എത്തിയിരുന്നില്ല. വൃദ്ധയെ സംരക്ഷിക്കാത്ത മക്കളുടെ നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതു സംബന്ധിച്ച മാധ്യമറിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി. വൃദ്ധരായ രക്ഷിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ നിയമപരമായ ബാധ്യതയാണ്. ഇക്കാര്യത്തില്‍ ഇതുസംബന്ധിച്ച 2007ലെ നിയമം നടപ്പാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഇതുമൂലം ഒരു വൃദ്ധയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിരിക്കുകയാണ്. വൃദ്ധരക്ഷിതാക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച കേരളാ ഡിജിപിയുടെ സര്‍ക്കുലറും അവഗണിക്കപ്പെട്ടുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. മക്കള്‍ നോക്കാത്തതിനെത്തുടര്‍ന്ന് ശ്രീനാരായണ വിമന്‍സ് കള്‍ച്ചറല്‍ അസോസിയേഷന്റെ തപസ്യയെന്ന ശരണ്യാലയത്തില്‍ എത്തിയ കടയ്ക്കാവൂര്‍ സ്വദേശി സുധാദേവി ജനുവരി 24ന് ആശുപത്രിയിലാണ് മരിച്ചത്.
Next Story

RELATED STORIES

Share it