thiruvananthapuram local

മകളുടെയും പിതാവിന്റെയും മരണം:  കമ്പനി തൊഴിലാളികളും നാട്ടുകാരും ഫാക്ടറി ഉപരോധിച്ചു; പ്രദേശത്ത് സംഘര്‍ഷം

കാട്ടാക്കട: വിളപ്പില്‍ശാല പുളിയറക്കോണം ടെറുമോ പെന്‍പോള്‍ കമ്പനി ജീവനക്കാരന്റെയും മകളുടെയും മരണം മാനേജ്‌മെന്റിന്റെ പീഡനം മൂലമെന്ന് ആരോപിച്ച് പ്രതിഷേധം. കമ്പനി ജീവനക്കാര്‍ ഫാക്ടറി ഉപരോധിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ നടന്ന ഉപരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാട്ടുകാരും കൂടി ചേര്‍ന്നതോടെ ഫാക്ടറി പരിസരം സംഘര്‍ഷഭരിതമായി.
നെടുമങ്ങാട് ഡിവൈഎസ്പി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്ത് തമ്പടിച്ചു. പോലിസും യൂനിയന്‍ നേതാക്കളും ജീവനക്കാരുമായി പല പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും സമരത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ തയ്യാറായില്ല.
പെന്‍പോള്‍ ജീവനക്കാരനായ ഉഴമലയ്ക്കല്‍ പുതുകുളങ്ങര സംസം മന്‍സിലില്‍ ഹാഷിം (46), മകള്‍ അര്‍ഷിത (12) എന്നിവരെയാണ് കഴിഞ്ഞദിവസം ഉച്ചയോടെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹാഷിം അടുക്കളയില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു. കിടപ്പുമുറിയില്‍ അവശയായി കണ്ടെത്തിയ അര്‍ഷിതയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സ്ഥിരമായി ജോലിക്ക് എത്താത്ത ഹാഷിമിന് കമ്പനി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ മനോവിഷമത്തില്‍ മകള്‍ക്ക് വിഷം നല്‍കി ഹാഷിം ആത്മഹത്യ ചെയ്തതാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു.
കമ്പനി മാനേജര്‍മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഹാഷിമിനൊപ്പം നടപടി നേരിടുന്ന 20ഓളം ജീവനക്കാരെ തിരിച്ചെടുക്കുക, ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തൊഴിലാളികളുടെ സമരം. ഇന്നലെ വെളുപ്പിന് രണ്ടോടെ ജീവനക്കാരെ നീക്കം ചെയ്യാന്‍ പോലിസ് ശ്രമം തുടങ്ങി.
ഈ സമയം പിന്തുണ പ്രഖ്യാപിച്ചെത്തിയ നാട്ടുകാരില്‍ ചിലര്‍ പോലിസിനു നേരെ കല്ലേറ് തുടങ്ങി. കല്ലേറില്‍ മലയിന്‍കീഴ് സിഐ നസീറിനും ചില പോലിസുകാര്‍ക്കും പരിക്കേറ്റു. പോലിസ് സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി. തുടര്‍ന്ന് വെളുപ്പിന് മൂന്നോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പെന്‍പോള്‍ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞ് ഹാഷിമിന്റെയും മകളുടെയും മൃതദേഹം ഫാക്ടറി പടിക്കലെത്തിച്ച് സമരം തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചിരുന്നെങ്കിലും പിന്നിട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പോലിസിനെ അക്രമിച്ച കണ്ടാലറിയുന്നവരുടെ പേരില്‍ കേസെടുത്തതായി വിളപ്പില്‍ശാല എസ്‌ഐ ഹേമന്ദ്കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it