kozhikode local

മകന് ഡല്‍ഹിയില്‍ കസേര ഉറപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞ ജാള്യതയിലാണ് വെള്ളാപ്പള്ളി: പിണറായി

താമരശ്ശേരി: മകനു ഡല്‍ഹിയില്‍ കസേര ഉറപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞ ജാള്യതയിലാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയെന്ന് പിണറായി വിജയന്‍. നവകേരള മാര്‍ച്ചിനു താമരശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയെ കൂട്ടിയാല്‍ ശ്രീ നാരായണീയര്‍ അദ്ദേഹത്തോടൊപ്പം ബിജെപിയിലെത്തുമെന്നതായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ ശ്രീനാരായണ ഗുരുവിന്റെ ധര്‍മം കാറ്റില്‍ പറത്തിയ വെള്ളാപ്പള്ളിയെ ശ്രീ നാരായണീയര്‍ അകറ്റുകയാണ് ചെയ്തത്. ശ്രീ നാരായണ ഗുരു സ്ഥാപിച്ച ഈ പ്രസ്ഥാനം മത നിരപേക്ഷതയില്‍ വിശ്വസിക്കുന്നതാണ്. അത് ആര്‍എസ്എസിനു റാഞ്ചാനായിരുന്നു പദ്ധതി.
വിചാരിച്ചത്ര ശേഷിയൊന്നും വെള്ളാപ്പള്ളിക്കില്ലെന്നു ആര്‍എസ്എസിനും ബിജെപിക്കും മനസിലായപ്പോഴാണ് മകനു ഡല്‍ഹിയില്‍ കസേര ഉറപ്പിക്കാന്‍ കഴിയാതെ പോയത്. വെള്ളാപ്പള്ളി ആര്‍എസ്‌സിനൊപ്പം പോയാല്‍ എസ്എന്‍ഡിപിയിലെ സിപിഎം പ്രവര്‍ത്തകരും ആര്‍എസ്‌സില്‍ ചേക്കേറുമെന്നും തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വിജയം എളുപ്പമാവുമെന്നും ഉമ്മന്‍ ചാണ്ടിയും യുഡിഎഫും വിചാരിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. എന്നാല്‍ കേരളം വര്‍ഗീയ വാദികള്‍ക്ക് കൂട്ടല്ലെന്ന് വ്യക്തമാക്കിയതോടെ ജാള്യത മറക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആര്‍എസ്.എസിനു കേരളത്തില്‍ വേരോട്ടമില്ല. ഇവിടെ പ്രാധിനിത്യം ഉറപ്പിക്കാനാണ് സാമുദായിക സംഘടനകളെ കൂട്ടുപിടിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതകൊണ്ടു പലരംഗത്തും നാം ഇപ്പോള്‍ പിറകോട്ട് പോയിരിക്കുന്നു.
കേരളത്തെ പുനരുദ്ധരിക്കാന്‍ നാം ഒത്തൊരുമിക്കണം. ഭരണത്തില്‍ നാം കാണുന്നത് സാര്‍വത്രിക അഴിമതി മാത്രമാണ്. ജനങ്ങളാണ് ഭരണക്കാരെ സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ ഭരണത്തില്‍ ജനങ്ങള്‍ക്ക് ഒരു പങ്കുമില്ല.എല്ലാറ്റിനും കൈകൂലി കൊടുക്കേണ്ട അവസ്ഥയാണുള്ളത്. കാര്യങ്ങള്‍ സുതാര്യമവണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സമയ ബന്ധിതമായ തീരുമാനം വേണം. അദ്ദേഹം പറഞ്ഞു. എ രാഘവന്‍ അധ്യക്ഷത വഹിച്ചു. ആര്‍ പി ഭാസ്‌കരകുറുപ്പ്, കെ സമ്പത്ത് എംപി, എം ബി രാജേഷ് എംപി, പി ബിജു എംപി, കെ ജെ തോമസ്, കെ ടി ജലീല്‍ എംഎല്‍എ, എളമരം കരീം, പി മോഹനന്‍ സംസാരിച്ചു. ഉച്ചക്ക് 12 മണിയോടെ ജില്ലാ അതിര്‍ത്തിയായ അടിവാരത്തെത്തിയ ജാഥാംഗങ്‌ളെ നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ സ്വീകരിച്ചു മുക്കത്തേക്ക് ആനയിച്ചു.
Next Story

RELATED STORIES

Share it