മകന്‍ വെടിവച്ചുകൊന്ന പിതാവിന്റെ തലയും ഉടലും കണ്ടെടുത്തു; കൊലപാതകകാരണം സ്‌നേഹക്കുറവെന്ന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ മകന്റെ വെടിയേറ്റു മരിച്ച പിതാവിന്റെ തലയും ഉടലും ഇടതു കാലും കണ്ടെത്തി. തല അറുത്തുമാറ്റിയ നിലയില്‍ കോട്ടയത്തിനടുത്ത് ചിങ്ങവനത്തുനിന്നും ഉടല്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ റോഡില്‍ പേരൂരില്‍ നിന്നുമാണു കണ്ടെടുത്തത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി വി ജോണി(68)ന്റെ ശരീരഭാഗങ്ങളാണു കണ്ടെത്തിയത്. അമേരിക്കന്‍ മലയാളിയായ ഇദ്ദേഹത്തിന്റെ മകന്‍ ഷെറിന്‍ ജോണി(36)നെ ആലപ്പുഴ എസ്പി പി അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുക്കുകയും ഇന്നലെ വൈകീട്ട് 5 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തുകയു ചെയ്തു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പിതാവിന്റെ തോക്ക് പിടിച്ചുവാങ്ങി വെടിവയ്ക്കുകയായിരുന്നുവെന്നും അതിനുശേഷം മൃതദേഹത്തിന്റെ കൈകളും കാലുകളും തലയും വെട്ടിമാറ്റിയെന്നും ഇയാള്‍ പോലിസിനോടു സമ്മതിച്ചു. പിന്നീട് തെളിവു നശിപ്പിക്കാനായി മൃതദേഹഭാഗങ്ങള്‍ കത്തിച്ചെന്നും തീ ആളിപ്പടര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ച് മൃതദേഹഭാഗങ്ങള്‍ പല ഭാഗത്തായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷെറിന്‍ പോലിസിനോടു പറഞ്ഞു.
കഴിഞ്ഞ 25ന് മുളക്കുഴയില്‍ വച്ചാണ് കൊല നടത്തിയത്. തുടര്‍ന്ന് രാത്രി വരെ മൃതദേഹം കാറിലിരുത്തി കറങ്ങിയശേഷം പത്തരയോടെ തങ്ങളുടെ തന്നെ കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിങ് സ്ഥലത്തെത്തി അവിടെയുണ്ടായിരുന്ന ടിന്‍ഷീറ്റില്‍ കിടത്തി സമീപത്തെ മെത്തനിര്‍മാണ സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ വാരിക്കൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്നപ്പോള്‍ പാറപ്പൊടി വാരിയെറിഞ്ഞ് തീ കെടുത്തിയെന്നും അതിനുശേഷം ആറ് കഷണങ്ങളായി മൃതദേഹം മുറിച്ചുമാറ്റിയെന്നും ഇടതുകൈ പുത്തന്‍കാവ് പാലത്തില്‍ നിന്നും ഇടതുകാല്‍ ആറാട്ടുപുഴ പാലത്തില്‍ നിന്നും പമ്പാനദിയിലേക്ക് എറിഞ്ഞെന്നും ഉടല്‍ ഭാഗം ചങ്ങനാശ്ശേരി ബൈപാസില്‍ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചെന്നും തല ചിങ്ങവനത്ത് റോഡുവക്കില്‍ തള്ളിയെന്നും ഇയാള്‍ പോലിസിനോടു സമ്മതിച്ചു. വലതുകൈയും വലതുകാലും റോഡുവക്കിലാണ് കളഞ്ഞതെന്നു പറയുന്നുണ്ടെങ്കിലും ഇവ കണ്ടെടുക്കാനായില്ല. കണ്ടെടുത്ത മൃതദേഹഭാഗങ്ങള്‍ ഒരാളുടെത് തന്നെയാണെന്നു തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് എസ്പി പറഞ്ഞു. കൃത്യത്തിനുശേഷം ഷെറിന്‍ കോട്ടയത്തേക്കു മുങ്ങി. അവിടെനിന്നാണു പിടിയിലായത്. ജോയി ജോണിനും ഭാര്യ മറിയാമ്മയ്ക്കും ഷെറിനെക്കൂടാതെ മറ്റൊരു മകനും മകളുമുണ്ട്. ഇവരോടു കാണിക്കുന്ന സ്‌നേഹം പിതാവിന് തന്നോടില്ലെന്നും പലപ്പോഴും സ്വകാര്യ ആവശ്യത്തിനുള്ള പണംപോലും വാടക പിരിക്കുന്ന മാനേജരില്‍ നിന്ന് ഇരന്നുവാങ്ങേണ്ട ഗതികേടില്‍ എത്തിയപ്പോഴാണ് പിതാവിനോട് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പോലിസിനോടു പറഞ്ഞു. എന്നാല്‍, ഷെറിന്റെ മൊഴികളിലെ വൈരുധ്യങ്ങള്‍ പോലിസിനെ കുഴയ്ക്കുന്നുണ്ട്. മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോയെന്നും ഏതു തരത്തിലുള്ള ആയുധം ഉപയോഗിച്ചു എന്നതും വ്യക്തമാക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. സര്‍ജിക്കല്‍ ബ്ലേഡ് പോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാതെ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘത്തിലെ പോലിസുകാര്‍ പറയുന്നു.
കൊല്ലപ്പെട്ട ജോയി ജോണിന്റെ സംസ്‌കാരത്തിനും കടമ്പകള്‍ ഏറെയാണ്. അമേരിക്കന്‍ പൗരത്വമുള്ള ഇദ്ദേഹത്തിന്റെ മൃതദേഹം മറവുചെയ്യണമെങ്കില്‍ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അമേരിക്കയില്‍ തോക്കിന് ലൈസന്‍സ് ഉണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ഉപയോഗിക്കാനോ കൊണ്ടുനടക്കാനോ ലൈസന്‍സ് ഉണ്ടായിരുന്നില്ല. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആലപ്പുഴ എസ്പി പി അശോക്കുമാര്‍, ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍ ശിവസുതന്‍പിള്ള, സിഐ ആര്‍ അജയനാഥ്, എസ്‌ഐ പി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
കൊലപാതകിയായ മകന്‍ ഷെറിന്‍ ഐടി മേഖലയില്‍ അധ്യാപകനായി ജോലി ചെയ്യുമ്പോള്‍ ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയെ ഭാര്യയാക്കുകയും പിന്നീട് ഇവര്‍ വേര്‍പിരിയുകയും ചെയ്തു.
Next Story

RELATED STORIES

Share it