മകന്‍ ഔദ്യോഗിക വാഹനമോടിച്ച സംഭവം: ഐജി സുരേഷ് രാജിനെതിരേ അന്വേഷണം

തൃശൂര്‍/തിരുവനന്തപുരം: രാമവര്‍മപുരം പോലിസ് അക്കാദമി ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ പോലിസിന്റെ ഔദ്യോഗിക വാഹനങ്ങള്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഐജിക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നു.
സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രെയിനിങ് ചാര്‍ജുള്ള എഡിജിപി രാജേഷ് ദിവാനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പുരോഹിതിന്റെ മകന്‍ ഐജിയുടെ കൊടിയും നെയിംബോര്‍ഡുമുള്ള വാഹനവും മറ്റു രണ്ട് പോലിസ് വാഹനങ്ങളും ഡ്രൈവറുടെ സാന്നിധ്യത്തില്‍ ഓടിക്കുന്നതിന്റെ മൂന്ന് വീഡിയോദൃശ്യങ്ങള്‍ ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഐജിയുടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഡ്രൈവിങ് ലൈസന്‍സില്ലാത്ത മകനാണ് വാഹനം ഓടിച്ചത്. തൃശൂര്‍ പോലിസ് അക്കാദമിയിലെ പോലിസുകാര്‍തന്നെയാണു ദൃശ്യങ്ങള്‍ പകര്‍ത്തി ഡിജിപി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍മാര്‍ക്കു പരാതി സമര്‍പ്പിച്ചത്.
അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്ന് വീഡിയോ ദൃശ്യങ്ങളാണ് പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത മകന് വാഹനമോടിക്കാന്‍ നല്‍കിയതിലൂടെ ഐജി ഗുരുതരമായ നിയമലംഘനമാണു നടത്തിയതെന്നാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. കൂടാതെ ഔദ്യോഗികവാഹനം ദുരുപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തരവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ ദൃശ്യങ്ങള്‍ യാഥാര്‍ഥ്യമാണെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. സാധാരണ നിലയില്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കാര്‍ക്കെങ്കിലും ഔദ്യോഗിക വാഹനം ഓടിക്കണമെന്നുണ്ടെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ പുരോഹിതിന്റെ മകന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതും ലഭിക്കില്ലെന്നുറപ്പാണ്.
സുരേഷ് രാജ് പുരോഹിത് പോലിസ് അക്കാദമിയിലെ പരിശീലന ഐജിയായി ചുമതലയേറ്റതുമുതല്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ആഭ്യന്തരവകുപ്പിന്റെയും മന്ത്രിയുടെയും അനുവാദമില്ലാതെ പോലിസ് കാന്റീനില്‍ ബീഫ് നിരോധിച്ചുകൊണ്ട് ഐജി പുറപ്പെടുവിച്ച ഉത്തരവ് വിവാദമായിരുന്നു. ഉന്നതര്‍ ഇടപെട്ട് പിന്നീട് ഉത്തരവ് മരവിപ്പിക്കുകയും കാന്റീനില്‍ ബീഫ് ലഭ്യമാക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it