മകനെ കഴുത്തു ഞെരിച്ചു കൊന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു

മൂലമറ്റം: വീട്ടമ്മയായ യുവതി ഒന്നര വയസ്സുള്ള മകനെ കഴുത്തുഞെരിച്ച് കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മൂലമറ്റം ഇലപ്പള്ളി പാത്തിക്കപ്പാറ ജങ്ഷനില്‍ പാത്തിക്കപ്പാറ വീട്ടില്‍ സെയില്‍ ടാക്‌സ് ജീവനക്കാരനായ വിന്‍സെന്റിന്റെ ഭാര്യ ജയ്‌സമ്മ (സുനിത 28)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണു നാടിനെ നടുക്കിയ സംഭവം.
സ്വര്‍ണമാല കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ തിങ്കളാഴ്ച വീട്ടിലെത്തി പോലിസ് ചോദ്യംചെയ്തിരുന്നു. ഇതിനുശേഷം അസ്വസ്ഥയായി കാണപ്പെട്ടിരുന്ന യുവതി തിങ്കളാഴ്ച രാത്രി മുറിക്കുള്ളില്‍ കയറി വാതിലടച്ചിരുന്നു. ഭര്‍ത്താവും പിതാവും പലതവണ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഇന്നലെ പുലര്‍ച്ചെ നാലോടെ വീണ്ടും വിളിച്ചപ്പോള്‍ സുനിതതന്നെ വാതില്‍ തുറന്നശേഷം പിന്നിലേക്കു മറിഞ്ഞു വീഴുകയായിരുന്നുവെന്ന് ഭര്‍തൃപിതാവ് ജോസ് പറഞ്ഞു. ജോസും മറ്റുള്ളവരും മുറിയില്‍ കയറി പരിശോധിച്ചപ്പോള്‍ സുനിതയെ ഞരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയിലും കുഞ്ഞിനെ കട്ടിലില്‍ മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ആറിന് അയല്‍വാസിയും 96 കാരിയുമായ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം ഒന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവം നടന്നിരുന്നു. ഇലപ്പള്ളി മുരിക്കനാനിക്കല്‍ അന്നമ്മയാണ് അക്രമത്തിനിരയായത്. തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ അന്നമ്മ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അയല്‍വാസിയും സംഭവത്തിലെ മുഖ്യസാക്ഷിയുമായിരുന്നു ജയ്‌സമ്മ. ഇവരില്‍ നിന്ന് പോലിസ് ആദ്യം തന്നെ മൊഴിയെടുത്തിരുന്നു. മൊഴിയില്‍ നേരിയ വൈരുധ്യം കണ്ടതിനെത്തുടര്‍ന്നു വീട്ടുകാരുടെ സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്തു. തുടര്‍ന്നു സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ പോലിസ് വിളിച്ചുവരുത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമം നടത്തി. ഇതിനിടെ എല്ലാവരും ചേര്‍ന്ന് തന്നെ കള്ളക്കേസില്‍പ്പെടുത്തുകയാണെന്നു പറഞ്ഞു ജയ്‌സമ്മ ബഹളംവച്ചു. തുടര്‍ന്നാണ് മുറിയില്‍ കയറി കതകടയ്ക്കുന്നത്. തലയ്ക്കടിയേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്.
Next Story

RELATED STORIES

Share it