മഅ്ദനിയുടെ ഹരജി നവംബര്‍ നാലിലേക്കു മാറ്റി

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒമ്പതുകേസുകളും ഒന്നിച്ചു വിചാരണ നടത്തണമെന്ന് അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് നവംബര്‍ നാലിലേക്കു മാറ്റി. എല്ലാ കേസുകളിലെയും പ്രതികളും സാക്ഷികളും ഒന്നാണെന്നും അതിനാല്‍ ഒന്നിച്ചു വിചാരണ നടത്തി നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്.

എല്ലാ കേസുകളിലും ഒറ്റവിചാരണ പോരേയെന്നു കഴിഞ്ഞയാഴ്ച കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഹരജിയിന്‍മേല്‍ വിശദീകരണം നല്‍കണമെന്നു കര്‍ണാടക സര്‍ക്കാരിനോടും മഅ്ദനിയോടും ജസ്റ്റിസുമാരായ ജെ ചെലമേശ്വറും എ എം സപ്രുവും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനു മറുപടിയായി, പ്രതികള്‍ ഒന്നാണെങ്കിലും എല്ലാ കേസുകളിലെയും സാക്ഷികള്‍ ഒന്നല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

ഈ സാഹചര്യത്തില്‍ പ്രതികള്‍ ഒന്നാണെങ്കിലും സാക്ഷികള്‍ വ്യത്യസ്തമായ കേസുകള്‍ ഒന്നിച്ചു വിചാരണനടത്തുന്നതിന്റെ നിയമസാധുത പരിശോധിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ ബെഞ്ച്, കേസ് നവംബര്‍ നാലിലേക്കു നീട്ടിയതായി അറിയിക്കുകയായിരുന്നു. ബംഗളൂരു നഗരത്തില്‍ നടന്ന വ്യത്യസ്ത സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകളാണ് വിചാരണക്കോടതിക്കു മുമ്പാകെയുള്ളത്. ഇതിലെ പ്രതികളും തെളിവുകളുമെല്ലാം ഒന്നുതന്നെയാണ്. ഈ സാഹചര്യത്തില്‍ ഇവ ഒന്നിച്ചാക്കിയില്ലെങ്കില്‍ വിചാരണ നടപടികളില്‍ അനാവശ്യമായ കാലതാമസമുണ്ടാവുമെന്നാണ് മഅ്ദനിയുടെ പ്രധാന വാദം.
Next Story

RELATED STORIES

Share it