മംഗളൂരു വിമാനദുരന്തത്തിന് ഏഴാണ്ട്

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: മംഗളൂരു ബജ്‌പെ വിമാനദുരന്തത്തിന് ഏഴാണ്ട് പൂര്‍ത്തിയാവുന്നു. 2010 മെയ് 22ന് പുലര്‍ച്ചെ 6.10ന് മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിനു തീപിടിച്ച് 158 പേര്‍ മരിച്ചിരുന്നു. എന്നാല്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ഇന്ത്യ കമ്പനി പൂര്‍ണമായ നഷ്ടപരിഹാരം ഇനിയും നല്‍കിയിട്ടില്ല.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ടുന്ന അര്‍ഹമായ നഷ്ടപരിഹാരമോ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയോ ഇപ്പോഴും ലഭിച്ചിട്ടില്ല. കുടുംബനാഥന്‍ നഷ്ടപ്പെട്ട വീട്ടമ്മമാരും മക്കള്‍ നഷ്ടപ്പെട്ട അമ്മമാരും ചെറുപ്രായത്തിലേ പിതാവിനെ നഷ്ടമായ കുരുന്നുകളും ദുരന്തത്തിന്റെ ബാക്കിപത്രമാണ്. അപകടത്തില്‍ മരിച്ച യാത്രക്കാരനായ ആരിക്കാടിയിലെ മുഹമ്മദ് റാഫിക്ക് 35 ലക്ഷം രൂപ മാത്രമാണ് അധികൃതര്‍ നഷ്ടപരിഹാരം അനുവദിച്ചത്. എന്നാല്‍ ഇതു കുറവാണെന്നും മോണ്‍ഡ്രിയന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് പിതാവ് അബ്ദുല്‍സലാം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഇനിയും വിധിവന്നിട്ടില്ല. കൂടെപ്പിറന്നവന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹംപോലും ഒരു നോക്കു കാണാന്‍ സാധിക്കാത്ത 12 ഓളം കുടുംബങ്ങള്‍ വേറെയുമുണ്ട്. ദുരന്തത്തില്‍ 103 പുരുഷന്‍മാരും 32 സ്ത്രീകളും 23 കുട്ടികളും നാല് കൈക്കുഞ്ഞുങ്ങളുമാണു മരിച്ചത്. ഇതില്‍ 58 പേരും മലയാളികളാണ്. അപകടത്തിനിടെ കത്തിയമര്‍ന്ന വിമാനത്തില്‍ നിന്നു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
വിമാനദുരന്തം നടന്നയുടനെ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 2009ല്‍ ഇംഗ്ലണ്ടിലെ മോണ്‍ട്രിയയില്‍ ഉണ്ടാക്കിയ മോണ്‍ട്രിയന്‍ കരാറിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. 75 ലക്ഷം രൂപയാണ് അന്താരാഷ്ട്ര ഉടമ്പടിപ്രകാരം നഷ്ടപരിഹാരം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കുന്നതിനായി ചുമതലപ്പെടുത്തിയ മുംബൈ ആസ്ഥാനമായുള്ള നാനാവതി കമ്മീഷന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ഇരകളോടു ചര്‍ച്ച നടത്തി നഷ്ടപരിഹാരത്തുക കുറച്ചുനല്‍കുകയായിരുന്നു. ഗള്‍ഫില്‍ മരണപ്പെട്ടവര്‍ക്കു ലഭിച്ചിരുന്ന ശമ്പളം അടിസ്ഥാനമാക്കിയാണു നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ തയ്യാറായത്. ഇതനുസരിച്ച് ചിലര്‍ക്ക് ഒന്നരക്കോടി രൂപവരെ നഷ്ടപരിഹാരം ലഭിച്ചു.
എന്നാല്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് 35 ലക്ഷം രൂപ മാത്രമാണു നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറായത്. ഷാര്‍ജയില്‍ ജോലിക്കാരനായിരുന്ന അബ്ദുല്‍സലാമിന്റെ മകന്‍ മുഹമ്മദ് റാഫിക്ക് 35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു വിമാനദുരന്തത്തിന്റെ നഷ്ടപരിഹാരം നല്‍കാന്‍ ചുമതലപ്പെടുത്തിയ നാനാവതി കമ്മീഷന്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ തുക വാങ്ങാന്‍ സലാം തയ്യാറായില്ല. ഇതിനെതിരേ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അന്താരാഷ്ട്ര ഉടമ്പടിപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ എയര്‍ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് എയര്‍ക്രാഷ് വിക്റ്റിംസ് ഫാമിലി ആന്റ് റിലേറ്റീവ് അസോസിയേഷന്‍ അഡ്വ. സഞ്ജയ് ഹെഗ്‌ഡെ മുഖാന്തരം സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസ് ഇപ്പോഴും സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
35 ലക്ഷം രൂപ നഷ്ടപരിഹാരം തനിക്ക് ആവശ്യമില്ലെന്നും മോണ്‍ട്രിയന്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നുമാണ് സലാമിന്റെ വാദം. ഈ വിധി നടപ്പാവുകയാണെങ്കില്‍ ദുരന്തത്തില്‍ മരിച്ച മുഴുവന്‍ പേരുടെയും ആശ്രിതര്‍ക്ക് അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കും.
Next Story

RELATED STORIES

Share it