kasaragod local

മംഗളൂരുവിലെ അക്രമം; അതിര്‍ത്തി മേഖല ഭീതിയില്‍

മഞ്ചേശ്വരം: കര്‍ണാടകയിലെ കേരള അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന മേഖലകളില്‍ അക്രമം പതിവായതോടെ ജനങ്ങള്‍ ഭീതിയിലായി. തലപ്പാടി, മഞ്ചേശ്വരം, ആനക്കല്‍, അടുക്കസ്ഥല, ജാല്‍സൂര്‍ തുടങ്ങിയ അതിര്‍ത്തി മേഖലകളിലെ ജനങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. കര്‍ണാടകയില്‍ നിന്ന് സംഘ്പരിവാര്‍ സംഘം കൂട്ടത്തോടെ അതിര്‍ത്തി മേഖലകളിലേക്ക് ചേക്കേറി കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്ന് കേരള പോലിസും അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ വസിക്കുന്ന പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടാനാണ് നീക്കം നടക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ നേതൃത്വത്തില്‍ ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷിച്ചതിനെതിരെയാണ് വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമവുമായി രംഗത്തിറങ്ങിയത്. മടിക്കേരിയില്‍ പോലിസ് ലാത്തിവീശുന്നതിനിടയില്‍ ഓടയില്‍ വീണ് തലയിടിച്ച് വിഎച്ച്പി നേതാവ് മരണപ്പെട്ടതോടെ മടിക്കേരി, സോമവാര്‍പേട്ട മേഖലകളില്‍ വ്യാപകമായ അക്രമം അരങ്ങേറുകയായിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ വെടിവെപ്പില്‍ ശാഹുല്‍ എന്ന യുവാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. വിഎച്ച്പി നേതാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ദക്ഷിണകനറ, ഉഡുപ്പി ജില്ലകളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ റോഡ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതേ തുടര്‍ന്ന് കേരളത്തിന്റെ കര്‍ണാടക അതിര്‍ത്തികളില്‍ പോലിസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it