malappuram local

ഭൗതിക സൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കില്ല: മന്ത്രി അബ്ദുറബ്ബ്

മലപ്പുറം: സ്ത്രീസൗഹൃദ ശൗചാലയങ്ങളും കുടിവെള്ള സൗകര്യവും ഉള്‍പ്പെടെ അടിസ്ഥാന- ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാത്ത സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫിറ്റ്‌നസ് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ക്കുള്ള വിദ്യാഭ്യാസ ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇക്കാര്യം സമയബന്ധിതമായി പരിശോധിച്ച് റിപോര്‍ട്ട് നല്‍കേണ്ടത് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ ബാധ്യതയാണ്. വിദ്യാഭ്യാസ ഓഫിസര്‍മാര്‍ സ്‌കൂള്‍ പരിശോധനയുടെ കാര്യത്തില്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പരുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തുകള്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വികസനത്തിന് മുന്‍ഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി. എസ്എസ്എ ക്ലീന്‍ സ്‌കൂള്‍ പ്രോജക്ടിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, നഗരസഭാ ചെയര്‍പെഴ്‌സണ്‍ സി എച്ച് ജമീല, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്‍, ഹാജറുമ്മ, അനിതാ കിഷോര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി കെ അബ്ദുല്‍ ഗഫൂര്‍, എസ്എസ്എ എക്‌സിക്യൂട്ടീവ് അംഗം എ കെ സൈനുദ്ദീന്‍, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ്, എസ്എസ്എ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ അബ്ദുല്ല വാവൂര്‍, ജില്ലാ പ്രോജക്ട് ഓഫിസര്‍ ടി മുജീബ് റഹ്മാന്‍, മലപ്പുറം ഡിഇഒ ആര്‍ മാധവിക്കുട്ടി സംസാരിച്ചു.
Next Story

RELATED STORIES

Share it