ഭേദഗതി ബില്ലിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴശിക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള ഭേദഗതി ബില്ലിന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അഞ്ചു കോടി മുതല്‍ 20 കോടി രൂപ വരെ പിഴ ഈടാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. അഞ്ചു കിലോമീറ്റര്‍ മുതലുള്ള മേഖലകളിലെ പരിസ്ഥിതി നാശത്തിന് കോടികളാണ് പിഴ. ചെറിയ രീതിയില്‍ പരിസ്ഥിതി നാശമുണ്ടായെന്നു ബോധ്യമായാല്‍ ആയിരം മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കാന്‍ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തുന്ന നിര്‍ദേശവും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലും 2010ലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയമത്തിലും ഭേദഗതികള്‍ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയ കരട് ബില്ല് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ് പ്രസിദ്ധപ്പെടുത്തിയത്.

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കരട് നിയമം സംബന്ധിച്ച് എതിര്‍പ്പുകളും നിര്‍ദേശങ്ങളും പരാതികളുമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ കേന്ദ്ര വനം, പരിസ്ഥിതി സെക്രട്ടറിയെ കത്ത്, ഇ-മെയില്‍ മുഖേന അറിയിക്കണം. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തില്‍ നിര്‍ദേശിക്കുന്ന തടവു ശിക്ഷകള്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ചു കി ലോമീറ്റര്‍ പ്രദേശത്തുള്ള പരിസ്ഥിതി നാശത്തിന് 15ാം വകുപ്പ് പ്രകാരം അഞ്ചു കോടിയാണ് കുറഞ്ഞ പിഴ. അത് കുറ്റത്തിന്റെ കാഠിന്യത്തിന് അനുസരിച്ച് 10 കോടി വരെയും നാശം തുടരുകയാണെങ്കില്‍ അധിക പിഴയായി ഓരോ ദിവസവും അമ്പതു ലക്ഷം രൂപ വീതവും ഈടാക്കണം.

അഞ്ച് കിലോമീറ്ററിനു മുകളില്‍ പത്ത് കിലോമീറ്റര്‍ വരെ കുറഞ്ഞത് പത്ത് കോടിയും കൂടിയത് 15 കോടി രൂപയുമാണ്. പരിസ്ഥിതി നാശം തുടരുകയാണെങ്കില്‍ ദിനംപ്രതി എഴുപത്തഞ്ചു ലക്ഷം രൂപ വീതം അധികം നല്‍കണം. പത്ത് മുതല്‍ 15 കിലോമീറ്റര്‍ വരെ 15 മുതല്‍ 20 കോടി രൂപ വരെയാണ് പിഴ. അധിക പിഴ ഓരോ ദിവസവും ഒരു കോടി വീതമാണ്. പദ്ധതികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പാരിസ്ഥിതിക അനുമതിയും അംഗീകാരവും തേടിയിട്ടില്ലെങ്കിലും പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഒരു ലക്ഷം മുതല്‍ അഞ്ച് കോടി വരെയാണ് ഇതിനുള്ള പിഴ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോ ബന്ധപ്പെട്ട അധികാരികളോ പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍ മൂന്ന് പ്രകാരം നിയോഗിക്കുന്ന സമിതികളോ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ രൂപീകരിക്കുന്ന ജില്ലാ ജഡ്ജി അധ്യക്ഷനായ രണ്ടംഗങ്ങളില്‍ കുറയാത്ത കമ്മിറ്റികളോ ആവും പിഴ ശിക്ഷ വിധിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും അഞ്ചുവര്‍ഷം വരെ തടവുമായിരുന്നു ശിക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.
Next Story

RELATED STORIES

Share it