kozhikode local

ഭേദഗതികളോടെ മുനിസിപ്പല്‍ ബജറ്റിന് അംഗീകാരം

വടകര: ആവശ്യമായ ഭേദഗതികളോടെ പുതിയ മുനിസിപ്പല്‍ ഭരണസമിതിയുടെ പ്രഥമ ബജറ്റിന് അംഗീകാരം. ഇന്നലെ രാവിലെ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് വൈസ് ചെയര്‍പേഴ്‌സണും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കെ പി ബിന്ദുവാണ് ബജറ്റ് അവതരണം നടത്തിയത്.
പ്രത്യേകമായ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാതെയാണ് ഭരണസമിതി പ്രഥമ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 53,62,24,042 രൂപ വരവും 50, 46, 05, 579 കോടി ചെലവും 3,16,18,463 രൂപ മിച്ചവുമുള്ള ബജറ്റാണ് നഗരസഭാ ഉപാധ്യക്ഷ കെ പി ബിന്ദു അവതരിപ്പിച്ചത്. തീര്‍ത്തും നിരാശാജനകവും ആവര്‍ത്തനവുമാണ് ബജറ്റെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ ഖണ്ഢിക്കാന്‍ ഭരണപക്ഷത്തിനുപോലും കഴിഞ്ഞില്ല.
മുന്‍ ബജറ്റുകളില്‍ ഉള്‍പെടുത്തുകയും നടക്കാതെപോയതുമായ പദ്ധതികളായ കോട്ടപ്പറമ്പ് വികസനത്തിനും റോഡ് വികസനത്തിനും നാല് കോടി വീതം നീക്കിവച്ചു. സമഗ്ര അഴുക്കുചാല്‍ പദ്ധതി, വയോമിത്രം, ജൈവകൃഷി മുതലായവയാണ് ബജറ്റ് ഊന്നല്‍ കൊടുത്ത് മറ്റു മേഖലകള്‍ എന്നാല്‍ ഇവയെല്ലാം കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി എല്ലാ ബജറ്റുകളിലും ഉള്‍പെടുത്തുന്നതും നടക്കാത്തതുമായ പദ്ധതികളാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ഭരണപക്ഷത്തിന് മറുപടിയില്ലായിരുന്നു. ഒടുവില്‍ പ്രതിപക്ഷം നിര്‍ദേശിക്കുന്ന ഭേദഗതികള്‍ കൂടി പരിഗണിച്ച് ബജറ്റ് പാസാക്കാം എന്ന ഒഴുക്കന്‍ നിലപാട് സ്വീകരിച്ച് ഭരണപക്ഷം തടിയൂരുകയായിരുന്നു.
ഭരണത്തിന്റെ കെടുകാര്യസ്ഥതകൊണ്ട് ഭരണമാറ്റം വരെ പ്രതീക്ഷിച്ച് ഏറെ പ്രധിരോധത്തിലായിരുന്ന ഇടതു മുന്നണി കഷ്ടിച്ചാണ് നഗരസഭയില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇതില്‍നിന്നും പാഠമുള്‍ക്കൊള്ളുകയോ ബജറ്റ് പോലെ അതീവ പ്രാധാന്യമുള്ള വിഷയങ്ങളില്‍ യാതൊരു പഠനവും മുന്നൊരുക്കവുമില്ലാതെ എല്ലാം പഴയപടി ആവര്‍ത്തിക്കുകയായിരുന്നു 2015-16ലെ ബജറ്റ് അവതരണത്തിലൂടെ.
Next Story

RELATED STORIES

Share it