ഭെല്‍-ഇഎംഎല്‍ ലയനത്തിന് അഞ്ചാണ്ട് : വികസനം മരീചികയാവുന്നു

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കെല്ലിനെ നവരത്‌ന കമ്പനിയായ ഭെല്ലുമായി ലയിപ്പിച്ചിട്ട് അഞ്ച് വര്‍ഷമാവുന്നു. എന്നാല്‍ ഭെല്‍-ഇഎംഎല്‍ വികസനം ഇപ്പോഴും ചുവപ്പുനാടയില്‍. 2011 മാര്‍ച്ച് 28നാണ് മൊഗ്രാല്‍പുത്തൂരിലെ കമ്പാറിലുള്ള കെല്‍ ഫാക്ടറി നവരത്‌ന കമ്പനിയായ ഭാരത് ഹെവി ഇലക്രിക്കല്‍ ലിമിറ്റഡില്‍ (ഭെല്‍) ലയിപ്പിച്ച് ഭെല്‍-ഇഎംഎല്‍ കമ്പനിയാക്കിയത്.
ഭെല്ലിന് 51 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന് 49 ശതമാനം ഓഹരികളുമാണ് ഈ കമ്പനിയിലുള്ളത്. കെല്ലിന്റെ പത്തര കോടിയുടെ ആസ്തി വില നിശ്ചയിച്ച് ഭെല്ലിന് കൈമാറുകയായിരുന്നു. കമ്പനി ഏറ്റെടുക്കുമ്പോള്‍ വിഭാവനം ചെയ്തിരുന്ന പുതിയ ടെക്‌നോളജിയും ഉല്‍പന്നങ്ങളും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. കൂടുതല്‍ പണം ഇന്‍വെസ്റ്റ് ചെയ്യുമെന്ന ഭെല്‍ അധികൃതരുടെ വാഗ്ദാനവും നടപ്പായിട്ടില്ല. 153 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ശമ്പളവും ആനുകൂല്യവും മാത്രമാണ് നവരത്‌ന കമ്പനിയിലെ ഈ തൊഴിലാളികള്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. കമ്പനിയിലേക്ക് പുതിയ ഉല്‍പന്നങ്ങള്‍ കൊണ്ടുവരാനും മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. നിലവിലുള്ള സംവിധാനം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്നവയ്ക്കു പോലും ഓര്‍ഡര്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതിയുണ്ട്. 2015-16 കാലയളവില്‍ ഏകദേശം 60 കോടി രൂപയുടെ ഓര്‍ഡര്‍ നിലവിലുണ്ടെങ്കിലും പവര്‍ കാര്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കുന്നതിന് ഇനിയും കമ്പനി മുന്നോട്ട് വന്നിട്ടില്ല. 55 കെഡബ്യു, 18.5 കെഡബ്ല്യു ആ ള്‍ട്ടര്‍നേറ്ററുകള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതിന് കൂടുതല്‍ സാധ്യതയുണ്ടെങ്കിലും ഓ ര്‍ഡര്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
60 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടും സമയത്തിന് ഉല്‍പന്നങ്ങ ള്‍ കൊടുക്കാനും കമ്പനിക്ക് സാധിച്ചിട്ടില്ല. മൂലധനത്തിന്റെ കുറവാണ് കൂടുതല്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തടസ്സമാവുന്നത്. ഡല്‍ഹിയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഗ്രീന്‍സിറ്റിയുടെ ഇലക്ട്രിക്കല്‍ ബസ്സുകള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഭെല്ലിന് ഇതിന്റെ മോട്ടോറുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാ ല്‍, കാസര്‍കോട് ഭെല്‍-ഇഎംഎല്ലിന് ഈ ഓര്‍ഡര്‍ ലഭിച്ചിട്ടില്ല. മാത്രവുമല്ല നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രസര്‍ക്കാര്‍ വന്ന് രണ്ട് വര്‍ഷമായിട്ടും കാസര്‍കോട് ഭെല്‍ ഫാക്ടറിയോട് കടുത്ത അവഗണന കാണിക്കുന്നതായി പരാതിയുണ്ട്.
സംസ്ഥാനത്തെ കെല്ലിന്റെ മറ്റു സംരംഭങ്ങള്‍ വളരെ നല്ല നിലയില്‍ മുന്നോട്ടു പോവുമ്പോള്‍ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണി മുന്‍കൈയെടുത്ത് നടപ്പാക്കിയ ഭെല്‍-ഇഎംഎല്‍ പദ്ധതി അട്ടിമറിക്കാനാണ് നീക്കം നടക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it