ഭൂവുടമാവകാശം ഡിജിറ്റലൈസ് ചെയ്യാന്‍ കേന്ദ്രപദ്ധതി

ന്യൂഡല്‍ഹി: രാജ്യത്തെ സ്വത്തിടപാടുകളും ഭൂഅവകാശവും പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നു. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) ഹൈ റസല്യൂഷന്‍ സാറ്റലൈറ്റ് ചിത്രീകരണ സാങ്കേതിക വിദ്യ, ജിപിഎസ്, ജിഐഎസ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാവും പദ്ധതി നടപ്പാക്കുക.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ദേശീയ ഭൂമിരേഖാ ആധുനീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ രാജ്യത്തെ ഓരോ ചതുരശ്ര അടി ഭൂമിയും ഡിജിറ്റല്‍വല്‍ക്കരിക്കും. കൂടാതെ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള വ്യാജ അവകാശവാദങ്ങളും തര്‍ക്കങ്ങളും കുറച്ച് കൊണ്ടുവരാനും സാധിച്ചേക്കും. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഇതിന് പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ രൂപകല്‍പന ചെയ്യും. ഇതില്‍ ബാങ്ക് അക്കൗണ്ടിന് സമാനമായി ലാന്‍ഡ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യമുണ്ടായിരിക്കുമെന്നും ഓരോരുത്തരുടെയും അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നിതിലൂടെ ആ വ്യക്തിയുമായി ബന്ധപ്പെട്ട സ്വത്തു വിവരങ്ങളുടെ വിശദാംശങ്ങള്‍ ഈ സോഫ്റ്റ്‌വെയറിലൂടെ ലഭ്യമാവുമെന്നും റിപോര്‍ട്ട് പറയുന്നു. ഭൂമിയിടപാടുകള്‍ ഇതില്‍ രേഖപ്പെടുത്തും. രാജ്യത്തെമ്പാടും ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തിരിമറിയും തര്‍ക്കങ്ങളും പരിഹരിക്കാന്‍ പുതിയ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ സാധിക്കും. മേഖലയിലെ ഉദ്യോഗസ്ഥരുടെ അഴിമതിക്ക് ഒരു പരിധിവരെ നിയന്ത്രണം വരും.
പദ്ധതി പുതിയതല്ലെന്നും എന്നാല്‍, കാലങ്ങളായി നടപ്പാക്കാതെ വച്ചിരിക്കുകയായിരുന്നുവെന്നും ഗ്രാമവികസനമന്ത്രി ചൗധരി ബിരേന്ദര്‍ സിങ് പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രസ്തുത പദ്ധതിയെ പുനരുദ്ധരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന്റെ സാമ്പത്തിക ഉത്തരവാദിത്തം പൂര്‍ണമായും കേന്ദ്രം ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ റവന്യൂ സെക്രട്ടറിമാരുടെ യോഗം അടുത്തമാസം ബംഗളൂരുവില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ചണ്ഡീഗഡിലാവും പദ്ധതി നടപ്പാക്കുക. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമായ നഗരത്തിലെ മൂന്നിലൊന്ന് ഭൂമിയും തര്‍ക്കത്തിലാണെന്ന് പറഞ്ഞ മന്ത്രി, ആകെ 80,000ത്തിലധികം സ്വത്തുവകകളാണ് അവിടെ തര്‍ക്കത്തിലുള്ളതെന്നും പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തോടെ ചണ്ഡീഗഡിലെ മുഴുവന്‍ ഭൂമിയിടപാടുകളും കംപ്യൂട്ടര്‍വല്‍ക്കരിക്കാനാണ് പദ്ധതിയിടുന്നത്.
Next Story

RELATED STORIES

Share it