ഭൂരഹിതര്‍ക്കുള്ള ഭൂസര്‍വേ ഉടന്‍ പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: ഭൂരഹിതരായ കര്‍ഷകര്‍ക്ക് ഭൂമി നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം രൂപീകരിക്കപ്പെട്ട പ്രത്യേക സര്‍വേ ടീം എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജ. ജെ ബി കോശി ഉത്തരവിട്ടു. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇടുക്കി ജില്ലാ കലക്ടര്‍ ജൂ ണ്‍ പത്തിനകം വിശദീകരണം നല്‍കണം. കേസ് ജൂണ്‍ 27ന് തിരുവനന്തപുരത്തു പരിഗണിക്കും.
ഇടുക്കി മാങ്കുളം വില്ലേജിലെ പഴയ സര്‍വേ നമ്പര്‍ 77ല്‍ 164 ഹെക്ടറിന്റെ സര്‍വേയാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. 2015 ഡിസംബര്‍ രണ്ടിനാണ് സ്‌പെഷ്യല്‍ സര്‍വേ ടീം രൂപീകരിച്ച് 45 ദിവസത്തിനുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
സ്‌പെഷ്യല്‍ സര്‍വേ ടീം രൂപീകരിച്ചെങ്കിലും സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല. സര്‍ക്കാരില്‍ നിക്ഷിപ്തമായ പുറമ്പോക്ക് ഭൂമിയെക്കുറിച്ചാണ് ത ര്‍ക്കം. ഒരു ദശകം പിന്നിട്ടിട്ടും സ്ഥലം അളക്കാത്തത് പ്രഥമദൃഷ്ട്യാ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഉത്തരവില്‍ പറയുന്നു. ലാന്‍ഡ് ബോര്‍ഡിന്റെ വിധിപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ വസ്തുക്കള്‍ ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് നിയമാനുസൃതം നല്‍കേണ്ടതാണെന്ന് നിയമത്തിലും കോടതി ഉത്തരവുകളിലുമുണ്ട്. എന്നാല്‍, വസ്തു സര്‍വേ ചെയ്യാന്‍ കാലതാമസം നേരിടുന്നതിനാല്‍ അവ കൃത്യമായി നല്‍കുന്നില്ലെന്നാണു പരാതി. സഹ്യ ഹരിതസംഘത്തിനു വേണ്ടി സെക്രട്ടറി കെ കൃഷ്ണന്‍ നല്‍കിയ പരാതിയിലാണു നടപടി.
Next Story

RELATED STORIES

Share it