palakkad local

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി: പട്ടയവിതരണം നാളെ

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ടാംഘട്ട പട്ടയ വിതരണ മേള നാളെ പാലക്കാട് ടൗണ്‍ഹാളില്‍ നടക്കും.
പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കളില്‍ നിന്നും 3037 ഭൂരഹിതര്‍ക്ക് നാളെ പട്ടയം വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. രാവിലെ 10ന് നടക്കുന്ന പട്ടയ വിതരണ മേള റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. ഭൂമി രജിസ്‌ട്രേഷന്‍ ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പോക്കുവരവ് സിസ്റ്റത്തിന്റെ ഉദ്ഘാടനം പട്ടികജാതി വികസന മന്ത്രി എ പി അനില്‍കുമാറും നിര്‍വഹിക്കും. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റററാണ് ഓണ്‍ലൈന്‍ പോക്കുവരവിനായി പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിക്കുന്നത്. യോഗത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംപി മാരായ എം ബി രാജേഷ്,  പി കെ ബിജു, ഇ ടി മുഹമ്മദ് ബഷീര്‍ മറ്റ് ജനപ്രതിനിധികളും പട്ടയ വിതരണ മേളയില്‍ പങ്കെടുക്കും.
പദ്ധതിവഴി ഒന്നാം ഘട്ടത്തില്‍ 2114 പേര്‍ക്ക് പട്ടയം നല്‍കുകയുണ്ടായി. ഇതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് നാളെ 3037 പേര്‍ക്ക് കുറഞ്ഞത് മൂന്നു സെന്റിന് പട്ടയം നല്‍കുന്നത്. ഇനത്തില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ 66 പേര്‍ക്കും ചിറ്റൂരില്‍ 55 പേര്‍ക്കും എല്‍എ (പഞ്ചായത്ത്, നഗരസഭ, പുറമ്പോക്ക്) പട്ടയങ്ങള്‍ നല്‍കും. കോളനി പട്ടയവിഭാഗത്തില്‍ നാല് സെന്റ് വീതം പട്ടാമ്പിയില്‍ 124 പേര്‍ക്കും മണ്ണാര്‍ക്കാട്ട് 26 പേര്‍ക്കും ഒറ്റപ്പാലത്ത് 51 പേര്‍ക്കും ചിറ്റൂരില്‍ 20 പേര്‍ക്കും പട്ടയം നല്‍കും. കെ എസ് ടി (പട്ടികവര്‍ഗ) വിഭാഗത്തില്‍ മണ്ണാര്‍ക്കാട്ട് പത്തു പേര്‍ക്കും ലാന്റ് ട്രിബ്യൂണല്‍ പട്ടയം പാലക്കാട്ട് 200, ഒറ്റപ്പാലത്ത് 170 ദേവസ്വത്തിന് 100 എന്നിങ്ങനെയും വിതരണം ചെയ്യും.
സീറോ ലാന്‍ഡ്‌ലെസ് വിഭാഗത്തില്‍ ചിറ്റൂരില്‍ 1162, ആലത്തൂരില്‍ 123, പാലക്കാട്ട് 485, ഒറ്റപ്പാലത്ത് 171, മണ്ണാര്‍ക്കാട്ട് 248, പട്ടാമ്പിയില്‍ 26 പേര്‍ക്കും ഭൂമി വിതരണം ചെയ്യുമെന്ന് കലക്ടറുടെ ചേംബറില്‍ നടന്ന വകുപ്പുതല ജീവനക്കാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
Next Story

RELATED STORIES

Share it