Pathanamthitta local

ഭൂമി വില നല്‍കിയില്ലെന്ന് പരാതി; റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്റുകളുടെ സ്ഥലം ജപ്തിചെയ്യാന്‍ നോട്ടീസ് പതിച്ചു

റാന്നി: ഭൂമിയുടെ വില നല്‍കിയില്ലെന്ന പരാതിയില്‍ റാന്നി കെഎസ്ആര്‍ടിസി സ്വകാര്യ ബസ് സ്റ്റാന്റുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം ജപ്തിചെയ്യുന്നതിനായി നോട്ടീസ് പതിച്ചു. ഭൂമി ഏറ്റെടുത്ത പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് നല്‍കാനുള്ള 18,35,540 രൂപ നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് പത്തനംതിട്ട സബ്‌കോടതി ജപ്തി നടപടികള്‍ക്ക് ഉത്തരവിട്ടത്. ഭൂമി ഏറ്റെടുക്കല്‍ വിധി നടത്തിപ്പ് ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. ഡിസംബര്‍ 17നു മുമ്പായി പണമടച്ചാല്‍ ജപ്തി നടപടികളില്‍ നിന്നൊഴിവാകാം. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടു തവണയായാണ് പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തത്. ഇതില്‍ ആദ്യം വാങ്ങിയ 64. 60 ആര്‍ സ്ഥലത്തിന്റെ വില നല്‍കിയില്ലെന്ന പരാതിയുമായി ബന്ധപ്പെട്ടാണിപ്പോള്‍ ജപ്തി നടപടി. ബാക്കി നല്‍കാനുള്ള പണവും അതിന്റെ പലിശയടക്കം 18,35, 540 രൂപയാണ് പഞ്ചായത്ത് അടയ്‌കേണ്ടത്. രണ്ടാമത് ഏറ്റെടുത്ത സ്ഥലവുമായി ബന്ധപ്പെട്ടും ഇത്തരത്തില്‍ കേസ് നടന്നുവരുന്നു. ഏറ്റെടുത്ത സ്ഥലത്താണ് രണ്ട് പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്വകാര്യ ബസ് സ്റ്റാന്റ് സ്ഥാപിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കെഎസ്ആര്‍ടിസി  ബസ് സ്റ്റാന്റിനായി ശേഷിക്കുന്ന ഭൂമി വിട്ടുനല്‍കി. കെഎസ്ആര്‍ടിസി  ബസ് സ്റ്റാന്റിലാണ് ജപ്തി നോട്ടീസ് പതിച്ചത്. ഭൂവുടമയ്ക്ക് നല്‍കാനുള്ള പണം നല്‍കുവാന്‍ കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് നടപ്പിലാക്കാത്തതിനെത്തുടര്‍ന്ന് റാന്നി പഴവങ്ങാടി പനംതോട്ടത്തില്‍ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ ഗ്രേസി തോമസ്, അഡ്വ. ജി.എം.ഇടിക്കുള മുഖേന ഫയല്‍ ചെയ്ത ഹരജിയിലാണ് നടപടി. ഭൂമി ഉടമയ്ക്ക് നല്‍കാനുള്ള പണം കൈമാറിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും റിപോര്‍ട്ടും ജില്ലാ കലക്ടര്‍ക്ക് കൈമാറിയെന്നുമാണ് പഴവങ്ങാടി പഞ്ചായത്തധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it