Alappuzha local

ഭൂമി വിതരണം: അര്‍ഹതയുള്ള ഏഴ് കുടുംബങ്ങളെ തഴഞ്ഞു

തോട്ടപ്പള്ളി: 2014-15ല്‍ പുറക്കാട് പ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട 22 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി അനുവദിച്ചപ്പോള്‍ അര്‍ഹതപ്പെട്ടവരെ തഴഞ്ഞതായി ആക്ഷേപം.
ഈ മാസം ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴയില്‍ നടന്ന കയര്‍ മേളയിലാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് 2013ലെ കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വിതരണം ചെയ്തത്. അന്ന് കടല്‍ കയറ്റത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട് തെരുവില്‍ അഭയം തേടിയിരിക്കുന്ന ഏഴ് കുടുംബങ്ങളെ സര്‍ക്കാര്‍ അവഗണിച്ചെന്നാണ് പരാതി.
പുറക്കാട് 17-ാം വാര്‍ഡില്‍ താമസക്കാരായിരുന്ന സമദ്, ജുനൈദ്, വിജയമ്മ, നവാസ്, ശാന്ത, അന്‍സില്‍, ഷണ്‍മുഖന്‍ എന്നിവരുടെ കുടുംബങ്ങളാണ് വീട് കടലെടുത്ത് നശിച്ചിട്ടും സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണകേന്ദ്രങ്ങളില്‍ നിരവതി തവണ ഇവര്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഏഴ് കുടുംബങ്ങളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വില്ലേജ് ഓഫിസിന് മുമ്പില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
റവന്യൂ അധികാരികളും ചില രാഷ്ട്രീയ നേതാക്കളും അണിയറയില്‍ ഒത്തുകളി നടത്തുന്നതാണ് ഇവര്‍ക്ക് വീടും സ്ഥലവും നിഷേധിക്കപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഏഴ് കുടുംബങ്ങള്‍ക്കും ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട 21 പേര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it