Idukki local

ഭൂമി പോക്കുവരവ് ഇനി ഓണ്‍ലൈന്‍

തൊടുപുഴ: വിവിധ സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വസ്തു കൈമാറ്റ പ്രമാണങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍.അപ്പോള്‍തന്നെ ബന്ധപ്പെട്ട വില്ലേജാഫിസുകളില്‍ ഓണ്‍ലൈനായി ലഭ്യമാകുകയും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കാതെ തന്നെ വസ്തുവിന്റെ പോക്കുവരവ് നടത്തുകയും ചെയ്യുന്ന സംവിധാനമാണ് ഓണ്‍ലൈനിലൂടെ നടപ്പാക്കുന്നത്.ഇതിനായി ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ ഇതിനോടകം തന്നെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ച ഓപണ്‍ പേള്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ആക്കിമാറ്റി.
തിരഞ്ഞെടുത്ത 11 വില്ലേജുകളുടെ ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന ജോലി പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ പോക്കുവരവിന് സജ്ജമാക്കിയിട്ടുണ്ട്.രജിസ്‌ട്രേഷന്‍,റവന്യൂ, സര്‍വേ വകുപ്പുകള്‍ സംയുക്തമായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, കേരളാ സ്‌റ്റേറ്റ് ഐറ്റി മിഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വെള്ളത്തൂവല്‍, കുഞ്ചിത്തണ്ണി, രാജകുമാരി, പാറത്തോട്,പാമ്പാടുംപാറ, കട്ടപ്പന, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, കരിമണ്ണൂര്‍, കുടയത്തൂര്‍, ആലക്കോട് വില്ലേജുകളിലാണ് തുടക്കത്തില്‍ ഓണ്‍ലൈന്‍ പോക്കുവരവ് ആരംഭിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം നാളെ കട്ടപ്പന നടക്കുന്ന പട്ടയമേളയോടനുബന്ധിച്ച് നിര്‍വഹിക്കും.കൂടാതെ റീസര്‍വേ പൂര്‍ത്തിയാക്കിയ മറ്റ് 17 വില്ലേജുകളിലെ ഭൂരേഖാ ഡിജിറ്റൈസേഷന്‍ റെലിസ് സോഫ്റ്റ്‌വെയറില്‍ ഉടന്‍ പൂര്‍ത്തിയാവുന്നതോടെ ജില്ലയിലെ 28 വില്ലേജുകളില്‍ ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ പോക്കുവരവ് സാധ്യമാവും. ബാക്കിവരുന്ന 38 വില്ലേജുകളില്‍ക്കൂടി ഭൂരേഖാ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി മുഴുവന്‍ വില്ലേജുകളും ഓണ്‍ലൈന്‍ പോക്കുവരവിന് സജ്ജമാക്കുകയാണ് ലക്ഷ്യം.
ഇതിനായി ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫിസുകളും വില്ലേജ്,താലൂക്ക് ഓഫിസുകളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ബന്ധിപ്പിച്ചുകഴിഞ്ഞു.ഭൂമി സംബന്ധമായ മുഴുവന്‍ രേഖകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ വസ്തുവിന്റെ കരം ഉള്‍പ്പെടെ വില്ലേജാഫിസില്‍ അടയ്‌ക്കേണ്ട നികുതികള്‍ ഓണ്‍ലൈനായിത്തന്നെ അടയ്ക്കുവാനും പൊതുജനങ്ങള്‍ക്ക് വില്ലേജ് രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാനും സാധിക്കും.
Next Story

RELATED STORIES

Share it