wayanad local

ഭൂമി നല്‍കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം 16 മാസം കഴിഞ്ഞിട്ടും നടപ്പായില്ല

പുല്‍പള്ളി: പട്ടികവര്‍ഗ-യുവജനക്ഷേമകാര്യ മന്ത്രി പി കെ ജയലക്ഷ്മി പ്രസ്താവന നടത്തി 16 മാസം കഴിഞ്ഞിട്ടും ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭിച്ചില്ല. പുല്‍പള്ളി പഞ്ചായത്തിലെ കൊളറാട്ടുകുന്നിലുള്ള അരിയക്കോട് പണിയ കോളനിയിലെ കുടുംബങ്ങളുടെ കാത്തിരിപ്പാണ് വെറുതെയായത്. കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് 2014 ഒക്‌ടോബര്‍ ഒന്നിന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്ത്രി പ്രസ്താവിച്ചത്.
കോളനിയിലെ മുഴുവന്‍ കുടുംബങ്ങളെയും പുരനധിവസിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്തി റിപോര്‍ട്ട് ചെയ്യണമെന്നും സമ്പൂര്‍ണ ഭവന പദ്ധതിയില്‍ വീട് അനുവദിക്കണമെന്നും വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സ്ഥലപരിമിതിമൂലം കോളനിക്കാര്‍ അനുവഭവിക്കുന്ന പ്രയാസങ്ങള്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോഴായിരുന്നു മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍ കോളനിക്കാര്‍ക്ക് ഭൂമി നല്‍കുന്നിനുള്ള തുടര്‍നടപടികള്‍ ഉണ്ടായില്ല.
പട്ടികവര്‍ഗക്ഷേമ വകുപ്പിന്റെ പ്രാദേശിക കാര്യാലയങ്ങളുമായി ബന്ധപ്പെടുന്ന ആദിവാസികള്‍ക്ക് ഭൂമിയും വീടും അനുവദിക്കുന്നതു സംബന്ധിച്ച് മന്ത്രിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ നിര്‍ദേശം കിട്ടിയിട്ടില്ലെന്ന പല്ലവിയാണ് കേള്‍ക്കേണ്ടിവരുന്നത്.
ഏകദേശം 12 സെന്റ് ഭൂമിയിലാണ് അരിയക്കോട് കോളനി. ഇതില്‍ ഒന്‍പത് വീടുകളിലായി 17 കുടുംബങ്ങളാണ് താമസം. ഒന്നിനോടൊന്നുചേര്‍ന്നാണ് വീടുകള്‍. സ്ത്രീ-പുരുഷന്മാരും കുട്ടികളുമടക്കം 50 ഓളം പേരുള്ള കോളനിയില്‍ പേരിനുപോലും കക്കൂസോ മൂത്രപ്പുരയോ ഇല്ല. കൈക്കുഞ്ഞുങ്ങള്‍ ഒഴികെയുള്ളവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനു കോളനിക്കടുത്തുള്ള സ്വകാര്യ തോട്ടങ്ങളെയാണ് ആശ്രയിക്കുന്നത്. സ്ഥലക്കുറവുമൂലം കോളനിയില്‍ സ്വന്തമായി നാടന്‍ കക്കൂസുപോലും പണിയാന്‍ കഴിയാത്തത് സ്ത്രീകളെയാണ് ഏറെ വലയ്ക്കുന്നത്. പുല്‍പള്ളിയില്‍നിന്നു മൂന്നു കിലോ മീറ്റര്‍ അകലെ മാരപ്പന്‍മൂല-മുണ്ടക്കുറ്റിക്കുന്ന് ജി എല്‍പി സ്‌കൂള്‍ റോഡരികിലാണ് അരിയക്കോട് കോളനി. പതിറ്റാണ്ടുകള്‍ മുന്‍പ് ഇവിടെ താമസമാക്കിയവരുടെ പിന്‍മുറക്കാരാണ് ഇപ്പോഴുള്ളത്.
വീടുകള്‍ സ്ഥിതിചെയ്യുന്ന തുണ്ടു ഭൂമി ആരുടെ പേരിലാണെന്ന് കോളനിയിലെ ഒരു കുടുംബത്തിനും തിട്ടമില്ല. ആരും ഭൂനികുതി അടയ്ക്കുന്നില്ല. നികുതി അടയ്ക്കാത്തതിന്റെ കാരണം വില്ലേജ് അധികാരികള്‍ തിരക്കുന്നുമില്ല. ജീര്‍ണാവസ്ഥയിലാണ് കോളനിയിലെ വീടുകളില്‍ പലതും. ഒരു വീടിന്റെ പ്രവൃത്തി തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. താമസിക്കാനും കൃഷിചെയ്യാനും സ്വന്തം ഭൂമി എന്നത് കോളനിയിലെ മുഴുവന്‍ കുടുംബങ്ങളുടേയും സ്വപ്‌നമാണ്.
Next Story

RELATED STORIES

Share it