ernakulam local

ഭൂമി തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയില്‍

കളമശ്ശേരി: മുളവുകാട് വില്ലേജിലെ നിര്‍ധനരായ പട്ടികജാതി, വിഭാഗക്കാരുടെ ഭൂമി ബാങ്ക് ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് സ്വന്തം പേരില്‍ എഴുതിവാങ്ങി തട്ടിപ്പു നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. സൗത്ത് വാഴക്കുളം നടക്കാവ് ആനാംതുരുത്തില്‍ വീട്ടില്‍നിന്നും ഇപ്പോള്‍ കാക്കനാട് കൊല്ലംകുടി മുഗള്‍ ഭാഗത്ത് കണ്ണംകുളം ജങ്ഷനില്‍ ദിയ അപ്പാര്‍ട്ട്‌മെന്റില്‍ എ എല്‍ വിജിയുടെ വീട്ടില്‍ താമസിക്കുന്ന ബാബു(48)വാണ് കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
കണ്ണിന്റെ ഓപറേഷന് പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന സുശീല, മകളുടെ വിവാഹം നടത്തുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ഗോപി, വീടുപണിക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച സലില സത്യന്‍ എന്നിവരോട് പ്രതി പൊതുമേഖലാ ബാങ്കില്‍നിന്ന് ലോണ്‍ ശരിയാക്കിത്തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിയെടുത്തത്. അവരുടെ പേരിലുള്ള ഭൂമി പണയാധാരം ആണെന്നും മുതലും പലിശയും അടച്ചുകഴിയുമ്പോള്‍ ഭൂമി തിരികെ എഴുതി കൊടുത്തുകൊള്ളാമെന്നുമുള്ള ഉറപ്പിന്മേലാണ് തീറാധാരമായി സംഘത്തിലെ ഒരാളുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തത്. ശേഷം ഈ വസ്തുക്കള്‍ പണയപ്പെടുത്തി ഇന്ത്യന്‍ ബാങ്ക് ഇടപ്പള്ളി, കാക്കനാട് ശാഖകളില്‍നിന്നും ജില്ലാ സഹകരണ ബാങ്കില്‍നിന്നും വന്‍തുകകള്‍ ലോണെടുത്ത് സ്വന്തം ആവശ്യത്തിന് വിനിയോഗിച്ചു. പിന്നീട് ലോണ്‍ തുക തിരിച്ചടക്കാതെ മേല്‍പറഞ്ഞ വസ്തു സര്‍ഫാസി നിയമപ്രകാരം ബാങ്കുകള്‍ ജപ്തിചെയ്യാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ മുളവുകാട് ഭൂമി നഷ്ടപ്പെട്ടവരുടെ പരാതിയിന്മേല്‍ കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് കേസുകള്‍ പുനരന്വേഷണം നടത്തിവരുകയാണ്. നിലവില്‍ ബാധ്യതയുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ക്കും വീടുള്ള വസ്തുക്കള്‍ക്കും ബാധ്യത തീര്‍ത്ത് ദീര്‍ഘകാല ലോണ്‍ നല്‍കുമെന്ന പരസ്യം പ്രതിയുടെ ഫോണ്‍ നമ്പര്‍ സഹിതം മുളവുകാട് ഭാഗങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ പരസ്യം കണ്ടാണ് നിര്‍ധനരായ മുളവുകാട് നിവാസികള്‍ പ്രതിയെ ബന്ധപ്പെട്ടത്.
ബാങ്കുകള്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഈ പ്രദേശത്ത് ക്രമസമാധാനപ്രശ്‌നം ഉടലെടുത്തിരുന്നതാണ്. ഭൂമി നഷ്ടപ്പെട്ടവര്‍ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രിക്കു പരാതി നല്‍കുകയും തുടര്‍ന്ന് ഈ കേസുകള്‍ ഇപ്പോള്‍ കൊച്ചി സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിവരികയാണ്.
Next Story

RELATED STORIES

Share it