ഭൂമി കൈയേറ്റം: ഇടുക്കി എംപിക്കെതിരേ വീണ്ടും പോലിസ് കേസെടുത്തു

തൊടുപുഴ: കൊട്ടാക്കമ്പൂരില്‍ തമിഴ്‌വംശജര്‍ക്ക് അനുവദിച്ച ഭൂമി തട്ടിയെടുത്തെന്ന പരാതിയില്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനും കുടുംബത്തിനുമെതിരേ കേസെടുത്തു. ദേവികുളം പോലിസാണ് കേസെടുത്തത്. കൊട്ടക്കാമ്പൂരിലെ ദുരൈരാജിന്റെ ഭാര്യ മാരിയമ്മാള്‍, പെരുമാളിന്റെ ഭാര്യ കുമരക്കല്‍ എന്നിവര്‍ക്ക് അനുവദിച്ച എട്ടേക്കര്‍ ഭൂമി വ്യാജ മുക്ത്യാറുണ്ടാക്കി പാലിയത്ത് വീട്ടില്‍ ജോര്‍ജ്, മകന്‍ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, സഹോദരന്‍ ജോര്‍ജി ജോര്‍ജ് എന്നിവര്‍ തട്ടിയെടുത്തതായാണ് കേസ്. ഇതോടെ കൊട്ടക്കമ്പൂര്‍ ഭൂമി പ്രശ്‌നത്തില്‍ ജോയ്‌സ് ജോര്‍ജിനെതിരേ എട്ടു കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.
തൊടുപുഴ മുട്ടം നെടുമറ്റത്തില്‍ എം കെ ബിജുവിന്റെ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്. മൂന്നാര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസന്വേഷിക്കുന്നത്. സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തമിഴ് വംശജര്‍ക്ക് അനുവദിച്ച ഭൂമി എംപിയുടെ കുടുംബക്കാര്‍ വ്യാജപ്രമാണം ചമച്ചു തട്ടിയെടുത്തതായും ഭൂമിയില്‍നിന്നു മരങ്ങള്‍ വെട്ടിയതായും തിരഞ്ഞെടുപ്പു വേളയില്‍ ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്നെത്തിയ റവന്യു, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കൊട്ടാക്കമ്പൂരിലെത്തി അന്വേഷണം നടത്തി റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം കൊട്ടാക്കമ്പൂരിലെ മുഴുവന്‍ ഭൂമികളുടെയും അന്വേഷണം അന്നത്തെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനെ ഏല്‍പ്പിക്കുകയും ഇവര്‍ കൊട്ടാക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമിയടക്കമുള്ളവ ഭൂമാഫിയകള്‍ വ്യാജരേഖകള്‍ ചമച്ചു തട്ടിയെടുത്തതായി റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it