ഭൂചലനം: മരണം 311 ആയി

ഇസ്‌ലാമാബാദ്/ കാബൂള്‍: പാകിസ്താനിലും അഫ്ഗാനിസ്താനിലും തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 311 ആയി. പാകിസ്താനില്‍ 237 പേരും അഫ്ഗാനില്‍ 74 പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
പാകിസ്താനില്‍ 2000ലേറെ പേര്‍ക്ക് പരിക്കേറ്റു. 2500 വീടുകള്‍ തകര്‍ന്നു. അഫ്ഗാനില്‍ 266 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അഫ്ഗാന്‍ ദുരിതാശ്വാസ മന്ത്രി ഫയാസ് അഹ്മദ് ബര്‍മക് പറഞ്ഞു. നാശനഷ്ടങ്ങള്‍ ഇനിയും പൂര്‍ണമായി കണക്കാക്കാന്‍ പറ്റിയിട്ടില്ലെന്ന് പാകിസ്താന്‍ ദേശീയ ദുരിതനിവാരണ അതോറിറ്റി വക്താവ് അഹ്മദ് കമാല്‍ അറിയിച്ചു.
പാകിസ്താനില്‍ ഭൂചലനം ശക്തമായി അനുഭവപ്പെട്ട ഖൈബര്‍ പഖ്തുന്‍ക്വയില്‍ 214 പേരും പഞ്ചാബില്‍ അഞ്ചും പോക്കില്‍ ഒമ്പതും പേരാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ദുരന്തങ്ങള്‍ വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമായി ഏഴ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കൂടാരങ്ങള്‍, കരിമ്പടങ്ങള്‍, വിരിപ്പുകള്‍ എന്നിവയും ഏറ്റവും ദുരന്തം വിതച്ച ജില്ലകളില്‍ ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നത് തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പാക് സൈനികവൃത്തങ്ങള്‍ പറഞ്ഞു. കരസേനയോടൊപ്പം സിവില്‍, പോലിസ്, ആരോഗ്യ, റവന്യൂ വകുപ്പുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
ഭൂചലനമുണ്ടായ തിങ്കളാഴ്ച ആയിരക്കണക്കിന് ആളുകള്‍ കടുത്ത തണുപ്പു സഹിച്ച് വീടിനു പുറത്താണ് കഴിഞ്ഞത്. അമേരിക്ക സന്ദര്‍ശിക്കുകയായിരുന്ന പ്രധാനമന്ത്രി നവാസ് ശരീഫ് തിരിച്ചെത്തി ദുരന്തനിവാരണ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it