ഭൂഗര്‍ഭ ജലവിതാനത്തില്‍ വന്‍ കുറവ്

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ഭൂഗര്‍ഭ ജലവിതാനവും ജലാശയങ്ങളിലെ ജലനിരപ്പും കുത്തനെ താഴുന്നതായി റിപോര്‍ട്ട്. സംസ്ഥാനത്തെ കാത്തിരിക്കുന്നത് കടുത്ത വരള്‍ച്ച. കഴിഞ്ഞ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രൂക്ഷമായ തോതിലാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും രണ്ട് മുതല്‍ ആറ് മീറ്റര്‍ വരെ കുറവാണ് ഭൂഗര്‍ഭ ജലവിതാനത്തില്‍ ഉണ്ടായിരിക്കുന്നത്. ഭൂഗര്‍ഭ ജലവിതാനത്തിന്റെ തോത് രേഖപ്പെടുത്താന്‍ നിശ്ചയിച്ചിട്ടുള്ള കിണറുകളിലെ ജലനിരപ്പ് പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഭൂഗര്‍ഭ ജല വകുപ്പ് മാസത്തിലൊരിക്കലോ  രണ്ട് മാസം കൂടുമ്പോഴോ ആണ് ജലനിരപ്പ് പരിശോധിക്കുക. ആറ് മീറ്റര്‍ വരെ ജലനിരപ്പില്‍ താഴ്ചയുണ്ടായിട്ടുണ്ട.് കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പാലക്കാട,് തിരുവനന്തപുരം ജില്ലകളില്‍ ഭൂഗര്‍ഭ ജലവിതാനം ആറ് മീറ്ററോളം കുറവാണ് കണ്ടിരുന്നത്. പാലക്കാട് ജില്ലയില്‍ വൃഷ്ടി പ്രദേശങ്ങളില്‍പോലും ജലനിരപ്പില്‍ കുറവുണ്ടായെന്നത് ഗൗരവത്തോടെയാണ് വിദഗ്ധര്‍ കാണുന്നത്. സംസ്ഥാനത്തെ മൊത്തം ബ്ലോക്കുകളില്‍ 98 സ്ഥലങ്ങളില്‍  കഴിഞ്ഞ നാല് വര്‍ഷമായി കുറഞ്ഞ ജലവിതാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബറില്‍ എടുത്ത കണക്ക് പ്രകാരം ഭൂഗര്‍ഭ ജലവിതാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലൊഴിച്ച് മറ്റിടങ്ങളില്‍ ഭൂഗര്‍ഭ ജലവിതാനത്തില്‍ രേഖപ്പെടുത്തിയ മാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. പ്രധാന നദികളിലൊന്നായ ഭാരതപ്പുഴ ജനുവരിയുടെ തുടക്കത്തില്‍ തന്നെ മിക്ക സ്ഥലങ്ങളിലും വെറും നീര്‍ച്ചാലുകള്‍ മാത്രമായി ചുരുങ്ങി. കടുത്ത വേനലില്‍ ഉണ്ടാവുന്ന തരത്തിലാണ് ജലനിരപ്പില്‍ ഇപ്പോള്‍തന്നെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാരതപ്പുഴയുള്‍പ്പെടെ സംസ്ഥാനത്തെ നാല് പ്രധാന നദികളിലും രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജലലഭ്യത ഏറെയുള്ള പ്രദേശങ്ങളില്‍ പോലും കിണറിലെ ജലനിരപ്പില്‍ നാലടി വരെ കുറവ് കാണപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it