World

ഭീഷണി: തുര്‍ക്കി വംശജരായ ജര്‍മന്‍ എംപിമാര്‍ക്ക് കനത്ത സുരക്ഷ

ബെര്‍ലിന്‍: തുര്‍ക്കി വംശജരായ ജര്‍മന്‍ എംപിമാര്‍ തുര്‍ക്കിയിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഇവര്‍ക്ക് കനത്ത പോലിസ് സുരക്ഷയും ഏര്‍പെടുത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. 1915ല്‍ തുര്‍ക്കിയിലെ ഉസ്മാനിയ ഭരണകൂടം അര്‍മേനിയയില്‍ നടത്തിയത് വംശഹത്യയാണെന്ന് ജര്‍മന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്.
പ്രഖ്യാപനത്തിനു പിന്നാലെ 11 ജര്‍മന്‍ എംപിമാര്‍ക്കെതിരേയാണ് ഭീഷണിയുയര്‍ന്നിരിക്കുന്നത്. ജൂണ്‍ ആദ്യമാണ് വംശഹത്യയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ജര്‍മന്‍ പാര്‍ലമെന്റില്‍ ഹിതപരിശോധന നടന്നത്. ഇത് അംഗീകരിക്കില്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയിരുന്നു. സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പു പറയാന്‍ സാധിക്കാത്തതിനാല്‍ തുര്‍ക്കിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ജര്‍മന്‍ എംപിമാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. എംപിമാരെല്ലാം യാത്ര റദ്ദാക്കിയിട്ടുണ്ട്.
എംപിമാര്‍ക്കെതിരേയുള്ള ഭീഷണി അംഗീകരിക്കാനാവാത്തതാണെന്ന് ആഭ്യന്തരമന്ത്രി തോമസ് ഡി മെയ്‌സിയേര്‍ പറഞ്ഞു. രാജ്യത്ത് 35 ലക്ഷത്തോളം തുര്‍ക്കി വംശജരാണുള്ളത്.
Next Story

RELATED STORIES

Share it