malappuram local

ഭീഷണി ഉയര്‍ത്തി അപരന്‍മാര്‍ മല്‍സര രംഗത്ത്

മലപ്പുറം: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തി അപരന്‍മാരും മല്‍സര രംഗത്ത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപരന്‍മാര്‍ മല്‍സര രംഗത്തുള്ളത് തവനൂര്‍, പൊന്നാനി, താനൂര്‍ മണ്ഡലങ്ങളിലാണ്.
ഇടതു സ്വതന്ത്രന്‍ ഡോ. കെ ടി ജലീല്‍ മല്‍സരിക്കുന്ന തവനൂരില്‍ കെ എ ജലീല്‍ (സ്വതന്ത്രന്‍- അലമാര), കെ ടി ജലീല്‍ കാഞ്ഞിരത്തൊടിക (സ്വതന്ത്രന്‍- ബക്കറ്റ്), കെ ടി ജലീല്‍ കുന്നത്തൊടി(സ്വതന്ത്രന്‍-ടോര്‍ച്ച്) എന്നിവരാണ് ഒരേ പേരില്‍ മല്‍സര രംഗത്തുള്ളത്. ഇടതു സ്ഥാനാര്‍ഥി കെ ടി ജലീല്‍ മല്‍സരിക്കുന്നത് ഓട്ടോറിക്ഷ ചിഹ്‌നത്തിലാണ്.
തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇഫ്തിക്കാറുദ്ദീന്റെ അപരനായി എയര്‍ കണ്ടീഷന്‍ ചിഹ്‌നത്തില്‍ പി പി ഇഫ്തിക്കാറുദീനും മല്‍സരിക്കുന്നുണ്ട്. പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി ടി അജയ് മോഹനു അപരനായി അജയ്‌മോഹന്‍ (ചിഹ്‌നം- ചെരിപ്പുകള്‍) സ്വതന്ത്രനായി മല്‍സരിക്കും. ഇടതു സ്ഥാനാര്‍ഥി പി ശ്രീരാമകൃഷ്ണനു അപരനായി മറ്റൊരു ശ്രീരാമകൃഷ്ണനും (സ്വതന്ത്രന്‍- ഇരുതലവാള്‍), കൊയിലന്‍ രാമകൃഷ്ണന്‍ (സ്വതന്ത്രന്‍- ബാറ്റ്), പി രാമകൃഷ്ണന്‍ (സ്വതന്ത്രന്‍- ഹോക്കി സ്റ്റിക്കും ബാളും) എന്നിവരും രംഗത്തുണ്ട്. ഏറനാട്ടില്‍ ഇടതു സ്ഥാനാര്‍ഥി കെ ടി അബ്ദുര്‍റഹ്മാനും അതേ പേരില്‍ തന്നെ ഒരു അപരനും മല്‍സര രംഗത്തുണ്ട്.
കൊണ്ടോട്ടിയില്‍ ഇടതുസ്ഥാനാര്‍ഥി കെ പി ബീരാന്‍ കുട്ടിയുടെ അപരനായി കെ പി വീരാന്‍കുട്ടി (സ്വതന്ത്രന്‍- ബലൂണ്‍) മല്‍സരിക്കുന്നു.
മങ്കടയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ടു എ അഹമ്മദ് കബീറിന് അപരന്‍മാരായി അഹമദ് കബീര്‍ എം (സ്വതന്ത്രന്‍- ബാറ്റ്), എം കെ അഹമ്മദുല്‍ കബീര്‍ (സ്വതന്ത്രന്‍- സിറിഞ്ച്) എന്നിവരും മല്‍സരിക്കുന്നു.
തിരൂരങ്ങാടി മണ്ഡലത്തില്‍ ഇടതു സ്വതന്ത്രന്‍ നിയാസ് പുളിക്കലകത്തിനു ഭീഷണിയായി അപരന്‍മാരായ നിയാസ് താഴത്തേതില്‍ (സ്വതന്ത്രന്‍- ഡിഷ് ആന്റിന), നിയാസ് പാറോളി (സ്വതന്ത്രന്‍- കണ്ണട) എന്നിവര്‍ പത്രിക നല്‍കിയിട്ടുണ്ട്.
രണ്ടു മുന്നണിക്കും വേണ്ടി അബ്ദുര്‍റഹ്മാന്‍മാര്‍ മല്‍സരിക്കുന്ന താനൂരില്‍ അബ്ദുര്‍റഹ്മാന്‍ പുത്തന്‍മാളിയേക്കല്‍ (സ്വതന്ത്രന്‍- ബെഞ്ച്), അബ്ദുര്‍റഹ്മാന്‍ വരിക്കോട്ടില്‍ (സ്വതന്ത്രന്‍- ഐസ്‌ക്രീം), അബ്ദുര്‍റഹ്മാന്‍ വായങ്ങാട്ടില്‍ എന്നിവര്‍ അപരന്‍മാരാണ്.
തിരൂരില്‍ ഇടതുസ്ഥാനാര്‍ഥി പി ഗഫൂറിനു ഭീഷണിയായി ഇ കെ ഗഫൂര്‍ മല്‍സരിക്കും. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ തിരൂരില്‍ മൂന്നു അപരന്‍മാരുണ്ട്. കെ മമ്മൂട്ടി , എന്‍ കെ മമ്മൂട്ടി (ജനല്‍),എം മമ്മൂട്ടി (കുപ്പി) എന്നിവരാണു രംഗത്തുള്ളത്. കോട്ടക്കലില്‍ ലീഗ് സ്ഥാനാര്‍ഥി ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് അപരനായി സൈനുല്‍ ആബിദ് തങ്ങളും (ടൈ) ഇടതുസ്ഥാനാര്‍ഥി എന്‍ എ മുഹമ്മദ്കുട്ടിക്ക് അപരനായി സി മുഹമ്മദ്കുട്ടിയും (കാരംബോര്‍ഡ്), വില്ലന്‍ മുഹമ്മദ്കുട്ടിയും (റിംഗ്) മല്‍സരിക്കുന്നു. നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളില്‍ അപരന്‍മാരില്ല.
Next Story

RELATED STORIES

Share it