ഭീകര ബന്ധം: സിഡ്‌നിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സിഡ്‌നി: ഭീകരബന്ധം ആരോപിച്ച് ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ഫെഡറല്‍ പോലിസിന്റെ തീവ്രവാദ വിരുദ്ധസേന രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവര്‍ത്തനത്തിന് പദ്ധതിയിട്ട 15ഉം 20ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായതെന്നു പോലിസ് അവകാശപ്പെട്ടു. സര്‍ക്കാര്‍, പോലിസ് കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ തയ്യാറാക്കിയ പദ്ധതിയുടെ രേഖകള്‍ പോലിസ് പിടിച്ചെടുത്തു. രഹസ്യസന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയതെന്നു ദേശീയ സുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍ മൈക്കിള്‍ ഫെലന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2014 സപ്തംബറിലാണ് രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ഓപറേഷന്‍ ആപ്പിള്‍ബിക്ക് തുടക്കമിട്ടത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 16 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ 11 പേര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് വരെ ലഭിക്കും.
Next Story

RELATED STORIES

Share it