ഭീകരബന്ധം: സൗദി 55 പേരുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു

റിയാദ്: ഭീകരബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത 55 പേരുടെ വധശിക്ഷ നടപ്പാക്കാന്‍ സൗദി നീക്കം തുടങ്ങി. വധശിക്ഷയ്‌ക്കെതിരേ ശിയാ പ്രക്ഷോഭ ഭീഷണി നിലനില്‍ക്കെയാണ് വധശിക്ഷയുമായി അധികൃതര്‍ മുന്നോട്ടുപോവുന്നത്. 100ലധികം സാധാരണക്കാരുടെയും 71 സുരക്ഷാ ജീവനക്കാരുടെയും ജീവനപഹരിച്ച സായുധാക്രമണങ്ങളുമായി ബന്ധമുള്ള 55 പേരാണു വധശിക്ഷ കാത്ത് കഴിയുന്നതെന്നു ഒകാസ് ദിനപത്രം റിപോര്‍ട്ട് ചെയ്തിരുന്നു.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ഇവരുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനം. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ അറസ്റ്റിലാവുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. ശിക്ഷ നടപ്പാക്കുമെന്നതു സംബന്ധിച്ച് ഇവരുടെ വീട്ടുകാരെയും മനുഷ്യാവകാശ സംഘടനകളെയും അറിയിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ സൗദിയില്‍ 151 പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടുണ്ടെങ്കിലും തീവ്രവാദ ആരോപണങ്ങളുടെ പേരില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷകളാണിത്. ഇപ്പോള്‍ വധശിക്ഷയ്ക്കു വിധേയരാവാന്‍ പോവുന്നവരില്‍ ഏഴുപേര്‍ ശിയാക്കളാണ്. അല്‍ അവാമിയാ മേഖലയില്‍ നിന്നുള്ളവരാണിവര്‍. ശിയാക്കളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ശിക്ഷ നടപ്പാക്കുന്നതിനെതിരേ ഉയരുന്നത്. സുന്നി സര്‍ക്കാരില്‍ നിന്നുള്ള വിവേചനത്തിനും മോശമായുള്ള പെരുമാറ്റങ്ങള്‍ക്കുമെതിരേ സൗദി ശിയാക്കളില്‍ നിന്നു പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. 2012ല്‍ സെക്യൂരിറ്റി പോലിസ് സേനയുമായുള്ള വെടിവയ്പിനിടെ പ്രമുഖ ശിയാ പണ്ഡിതനായ ശെയ്ഖ് നിമം അല്‍ നിമം അറസ്റ്റിലായിരുന്നു. ഇപ്പോള്‍ വധശിക്ഷ അഭിമുഖീകരിക്കുന്നവരില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് അനുകൂലികള്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it